
പത്തനംതിട്ട : തിരഞ്ഞെടുപ്പ് ജോലിയിൽ നിന്ന് ഒഴിവാകുന്നതിനായി ലഭിക്കുന്ന അപേക്ഷകളിൽ അടിയന്തര സാഹചര്യം ഒഴികെയുള്ളവ പരിഗണിക്കുന്നതല്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. തിരഞ്ഞെടുപ്പിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാലും, ഓക്‌സിലറി ബൂത്തുകൾ പുതുതായി രൂപീകരിച്ചിട്ടുള്ളതിനാലും ജില്ലയിൽ മതിയായ പോളിംഗ് ഉദ്യോഗസ്ഥരുടെ അഭാവം നിലവിലുണ്ട്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സൂചിപ്പിച്ചുകൊണ്ട് സമർപ്പിക്കുന്ന അപേക്ഷകളോടൊപ്പം ബന്ധപ്പെട്ട ഓഫീസ് മേലധികാരിയുടെ ശുപാർശയും, അപേക്ഷയിൽ സൂചിപ്പിച്ചിട്ടുള്ള കാരണം സാധൂകരിക്കുന്ന രേഖകളും, പോസ്റ്റിംഗ് ഓർഡറിന്റെ പകർപ്പും നിർബന്ധമായും ഉണ്ടായിരിക്കണം. ഇപ്രകാരമുള്ള അപേക്ഷ കളക്ടറേറ്റിൽ നേരിട്ട് സമർപ്പിക്കണം.
ഓൺലൈൻ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കില്ല. അപേക്ഷ പരിഗണിച്ച് തിരഞ്ഞെടുപ്പ് ജോലിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിൽ ഈ വിവരത്തിന് പ്രത്യേക അറിയിപ്പ് നൽകില്ല. അതിനാൽ നിലവിൽ തിരഞ്ഞെടുപ്പ് ജോലിയുടെ ഉത്തരവ് ലഭിച്ചവരെല്ലാം തന്നെ തിരഞ്ഞെടുപ്പ് പരിശീലന പരിപാടിയിൽ പങ്കെടുക്കണം. രണ്ടാം ഘട്ട നിയമന ഉത്തരവ് ലഭിക്കുന്നവർ മാത്രം തിരഞ്ഞെടുപ്പ് ജോലികൾക്ക് ഹാജരായാൽ മതിയാകും. ഒരു ജീവനക്കാരന് ഒന്നലധികം ഡ്യൂട്ടി ലഭിച്ചിട്ടുണ്ടെങ്കിൽ (ബി.എൽ.ഒമാർ ഉൾപ്പെടെ) ഇതുമായി ബന്ധപ്പെട്ടുള്ള അപേക്ഷകൾ കളക്ടറേറ്റിൽ നേരിട്ട് സമർപ്പിക്കണമെന്നും കളക്ടർ നിർദേശിച്ചു.