മാത്യു ടി.തോമസ് പുറമറ്റത്ത്
എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി.തോമസ് ഇന്നലെ പുറമറ്റം പഞ്ചായത്തിൽ പര്യടനം നടത്തി. പ്രധാന ജംഗ്‌ഷനുകളിലെ കച്ചവട സ്ഥാപനങ്ങളിലും ഓട്ടോറിക്ഷാ, ടാക്സി ഡ്രൈവർമാരോടും വോട്ട് അഭ്യർത്ഥന നടത്തി. എൽ.ഡി.എഫ് പെരിങ്ങര മേഖല തിരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ ജില്ലാ പഞ്ചായത്തംഗം അംബികാ മോഹൻ ഉദ്ഘാടനം ചെയ്തു. സുഭദ്രാ രാജൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.മാത്യു ടി. തോമസ്, അഡ്വ.ആർ.സനൽകുമാർ, അഡ്വ.പ്രമോദ് ഇളമൺ, പി.ബി സന്ദീപ് കുമാർ, ഏബ്രഹാം തോമസ്, രാധാകൃഷ്ണൻ മണ്ണഞ്ചേരിൽ, ഷീന, രാമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു. ഏബ്രഹാം തോമസ് (ചെയർമാൻ), പി.ബി. സന്ദീപ് കുമാർ (കൺവീനർ) എന്നിവർ ഭാരവാഹികളായി 151 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
കുഞ്ഞുകോശി പോൾ കവിയൂരിൽ
യു.ഡി.എഫ് സ്ഥാനാർത്ഥി കുഞ്ഞുകോശി പോൾ മല്ലപ്പള്ളി, കവിയൂർ, പെരിങ്ങര, പുറമറ്റം, കല്ലൂപ്പാറ എന്നിവിടങ്ങളിൽ പര്യടനം നടത്തി. കവിയൂർ പഞ്ചായത്തിലെ മുണ്ടിയപ്പള്ളി, മുക്കൂർ, ചാഞ്ഞോടി തുടങ്ങിയ പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലും മറ്റും ഇന്നലെ വോട്ട് അഭ്യർത്ഥിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരും സ്ഥാനാർത്ഥിയെ അനുഗമിച്ചു. പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. നാളെ പത്രികാ സമർപ്പണവും വെള്ളിയാഴ്ച നിയോജകമണ്ഡലം കൺവെൻഷനും നടത്താനുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്ന് കുഞ്ഞുകോശി പോൾ പറഞ്ഞു.
അശോകൻ കുളനട സജീവം
നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അശോകൻ കുളനടയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ആരംഭിച്ചു. കഴിഞ്ഞ തവണത്തെ എൻ.ഡി.എ സ്ഥാനാർത്ഥി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിനെ ഇന്നലെ രാവിലെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങിയശേഷമാണ് സ്ഥാനാർത്ഥി പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് എസ്എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ ഓഫീസിലെത്തി. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ എന്നിവരോട് വോട്ട് തേടി പിന്തുണ അഭ്യർത്ഥിച്ചു. പിന്നീട് നഗരത്തിലെ ഓട്ടോ ഡ്രൈവർമാരോടും കച്ചവട സ്ഥാപനങ്ങളിലും വോട്ട് തേടി. മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ, ജില്ലാ ജന.സെക്രട്ടറി വിജയകുമാർ മണിപ്പുഴ, ജില്ലാസെൽ കോർഡിനേറ്റർ വിനോദ് തിരുമൂലപുരം, മണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.