ചെങ്ങന്നൂർ: പൊരിഞ്ഞ പോരാട്ടമായിരിക്കും വരും നാളുകളിൽ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ . സ്ഥാനാർത്ഥിയെ നേരത്തെ നിശ്ചയിച്ച് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി സീറ്റ് നിലനിറുത്താനുള്ള ശ്രമത്തിലാണ്. മുമ്പ് തങ്ങൾ തുടർച്ചയായി വിജയിച്ചിരുന്ന മണ്ഡലം തിരിച്ചുപിടിക്കാനുളള നീക്കത്തിലാണ് യു.ഡി..എഫ്. മണ്ഡലം പിടിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ് എൻ.ഡി.എ.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നഗരസഭയും, ആലാ, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പാണ്ടനാട്, പുലിയൂർ, തിരുവൻവണ്ടൂർ, ചെന്നിത്തല–തൃപ്പെരുന്തുറ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് ചെങ്ങന്നൂർ. മുമ്പ് വലതുപക്ഷ അനുകൂലമായിരുന്ന മണ്ഡലം 2016ലാണ് ഇടതുമുന്നണി പിടിച്ചെടുക്കുന്നത്. പിന്നീട് 2018ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം നിലനിറുത്തിയെന്നതിന് പുറമെ ഭൂരിപക്ഷം ഉയർത്താനും അവർക്ക് കഴിഞ്ഞിരുന്നു. 2006ൽ ചെങ്ങന്നൂരിൽ നിന്ന് ആദ്യ ജയം നേടിയ വിഷ്ണുനാഥ് 2011ൽ 12,500 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് സീറ്റ് നിലനിറുത്തിയത്. എന്നാൽ 2016ൽ തുടർച്ചയായ മൂന്നാം അങ്കത്തിനിറങ്ങിയ അദ്ദേഹത്തെ സി.പി.എമ്മിലെ കെ.കെ രാമചന്ദ്രൻ നായർ 8,013 വോട്ടുകൾക്ക് പരാജയപ്പെടുത്തി. സി.പി.എം സ്ഥാനാർത്ഥിക്ക് 52,800 വോട്ടുകൾ ലഭിച്ചപ്പോൾ വിഷ്ണുനാഥിന്റെ ജനപിന്തുണ 44,897 വോട്ടിൽ ഒതുങ്ങി.
കെ.കെ രാമചന്ദ്രൻ നായർ എം.എൽ.എ മരിച്ചതിന് പിന്നാലെ 2018ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സജി ചെറിയാൻ ഭൂരിപക്ഷം ഇരട്ടിയിലധികം വർദ്ധിപ്പിച്ചാണ് വിജയിച്ചത്. സജി ചെറിയാന് 67,303 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ഡി.വിജയകുമാറിന് കിട്ടിയത് 46,347 വോട്ടുകൾ മാത്രം. ബി.ജെ.പിയിൽ മത്സരിച്ച പി.എസ് ശ്രീധരൻപിള്ള 35,270 വോട്ടുകളും നേടി. സജി ചെറിയാന്റെ ഭൂരിപക്ഷം 20,956 ആയിരുന്നു.
പ്രചാരണം കൊഴുക്കുന്നു
നേരത്തെ പ്രചാരണം തുടങ്ങിയ ഇടതുമുന്നണിക്കൊപ്പം എത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എം.മുരളിയും ബി.ജെ.പി സ്ഥാനാർത്ഥി എം.വി ഗോപകുമാറും . സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന ഞായറാഴ്ച വൈകിട്ടുതന്നെ എം.മുരളി മണ്ഡലത്തിൽ എത്തി പ്രധാന പ്രവർത്തകരെ കണ്ടിരുന്നു. തിങ്കളാഴ്ച പ്രധാന ദേവാലയങ്ങൾ സന്ദർശിച്ച ശേഷം മുതിർന്ന കോൺഗ്രസ് നേതാക്കളെ കണ്ട് പിന്തുണ ഉറപ്പാക്കി.
എം.വി ഗോപകുമാർ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ റോഡ് ഷോ നടത്തി.. പ്രമുഖ വ്യക്തകളെ സന്ദർശിച്ചു.
എം.മുരളി പത്രിക നൽകി
എം.മുരളി ഇന്നലെ പത്രിക സമർപ്പിച്ചു. രാവിലെ മാവേലിക്കരയിൽ ദേശാഭിമാനി ടി.കെ.മാധവന്റെ സ്മൃതി മണ്ഡപത്തിലും മുൻ കേന്ദ്രമന്ത്രി സി.എം സ്റ്റീഫന്റെ ശവകുടീരത്തിലും പുഷ്പാർച്ചന നടത്തിയ ശേഷം എൻ.എസ്.എസ് യൂണിയൻ ഓഫീസ്, താഴമൺ മഠം, ഓതറ ദയറ, ചെങ്ങന്നൂർ മഹാദേവക്ഷേത്രം, പഴയ സുറിയാനി പള്ളി എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷം ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫീസിലെത്തിയാണ് പത്രിക നൽകിയത്.