കോന്നി : എൻ. ഡി. എ കോന്നി നിയോജക മണ്ഡലം സ്ഥാനാർത്ഥി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉപവരാണാധികാരിയായ കോന്നി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ ​ടി. വിജയകുമാറിനാണ് പത്രിക സമർപ്പിച്ചത്. ബി. ജെ. പി ജില്ലാ കമ്മ​ിറ്റി അംഗം സുരേഷ് കാവുങ്കൽ പിന്തുണയ്ക്കുന്ന ഒരു സെ​റ്റ് പത്രികയാണ് ഇന്നലെ നൽകിയത്. ജില്ലാ ജനറൽ സെക്രട്ടറി വി. എ. സൂരജ്, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് ജി .സോമനാഥൻ എന്നിവർ പിന്തുണയ്ക്കുന്ന രണ്ട് സെറ്റ് പത്രികകൾ കൂടി ഇന്ന് സമർപ്പിക്കും.

ഇന്നലെ ഉച്ചയോടെ ഇളകൊള്ളൂർ വഞ്ചിപ്പടിയിലെത്തിയ സ്ഥാനാർത്ഥിയെ നൂറുകണക്കിന് ബി.ജെ.പി പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ജാഥയായി മുദ്രാവാക്യം വിളികളോടെ കോന്നി ബ്ലോക്ക് ഓഫീസിലെത്തി പത്രിക സമർപ്പിക്കുകയായിരുന്നു. ശബരിമല സമരത്തിൽ പങ്കെടുത്ത അരുവാപ്പുലം സ്വദേശികളായ അമ്മമാരാണ് കെട്ടിവെയ്ക്കാനുള്ള പണം നൽകിയത്. ബി .ജെ .പി സംസ്ഥാന സെക്രട്ടറി രഘുനാഥ്, ബി .ഡി. ജെ. എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ .പദ്മകുമാർ, ബി.ജെ.പി മേഖല സെക്രട്ടറി ഷാജി. ആർ. നായർ, ജില്ലാ ജനറൽ സെക്രട്ടറി വി. എ. സൂരജ്, വൈസ് പ്രസിഡന്റ് എം .അയ്യപ്പൻകുട്ടി, സെക്രട്ടറി വിഷ്ണു മോഹൻ , മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് മീനാ .എം. നായർ തുടങ്ങിയവർക്കൊപ്പമാണ് പത്രിക സമർപ്പിക്കാൻ എത്തിയത്.