പത്തനംതിട്ട: മുൻ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായിരുന്ന തോമസ് മാത്യു തിരുവല്ലയിൽ മത്സരിക്കും. സ്വതന്ത്ര സംഘടനകളുടെ പിന്തുണയോടെ ജനകീയ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായിട്ടാകും മത്സരിക്കുകയെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തിരുവല്ല മണ്ഡലത്തിന്റെ വികസനമാണ് തന്റെ പ്രധാന ലക്ഷ്യമെന്നും യാതൊരു സ്വാധീനവുമില്ലാത്ത സ്ഥാനാർത്ഥികളാണ് മറ്റ് പാർട്ടികളിൽ മത്സരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് തിരുവല്ലയിലുണ്ടായ അതേ സാഹചര്യം ഇത്തവണയും ആവർത്തിക്കും. തിരുവല്ല നിയോജകമണ്ഡലത്തെ കഴിഞ്ഞ 20 വർഷമായി പ്രതിനിധീകരിക്കുന്ന എം.എൽ.എയ്ക്ക് നാടിന്റെ വികസനരംഗത്ത് യാതൊന്നും ചെയ്യാനായിട്ടില്ല. കുറെ റോഡുകളുടെ നിർമാണം മാത്രമാണ് അദ്ദേഹത്തിന് എടുത്തുകാട്ടാനുള്ളത്. അപ്പർകുട്ടനാട് പ്രദേശത്ത് പ്രളയകാലത്തുണ്ടായ ദുരിതങ്ങൾക്ക് യാതൊരു സഹായവും ചെയ്തില്ല. കല്ലൂപ്പാറ മണ്ഡലം നഷ്ടമായതോടെ തിരുവല്ലയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട മല്ലപ്പള്ളി മേഖലയിലെ പല വികസന പ്രവർത്തനങ്ങളും സ്തംഭനാവസ്ഥയിലാണെന്നും തോമസ് മാത്യു ചൂണ്ടിക്കാട്ടി.