ആറന്മുള: ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിയന്ത്രണത്തിൽപെട്ട എൽ.പി /യു.പി സ്‌കൂളുകളിലെ പ്രഥമാദ്ധ്യാപകരുടെ നിയമനാംഗീകാരം തടസപ്പെട്ടതിലും,ശമ്പളം മുടങ്ങിയതിലും പ്രീപ്രൈമറി അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളവിതരണം തടസപ്പെട്ടത്തിലും പ്രതിഷേധിച്ച് അദ്ധ്യാപക സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ആറന്മുള എ. ഇ. ഒ.ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം മുടങ്ങിയതിൽ എ.ഇ.ഒ. അടക്കമുള്ളവരാണ് ഉത്തരവാദികളെന്നും, രണ്ടു ദിവസത്തിനകം തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാപക സംയുക്ത സമരസമിതി കൺവീനർ തോമസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെറ്റോ കൺവീനർ കെ ജി റെജി, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബിജു സാമുവൽ, അദ്ധ്യാപക സംഘടനാനേതാക്കന്മാരായ റെജി സക്കറിയ, ഷീജ ബി, ബിജു പി എം, ശ്രീഷാ, മോളി എം, മറിയാമ്മ, എൻ.ജി.ഒ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡന്റ് വിനോദ് മിത്രപുരം, സെക്രട്ടറി ദർശൻ ഡി.കുമാർ, ട്രഷറർ രഞ്ജി വി.കെ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായി നടന്ന ചർച്ചയിൽ അടുത്തദിവസം തന്നെ തീരുമാനം കൈക്കൊള്ളുമെന്ന് അറിയിച്ചതിനെതുടർന്ന് സമരം അവസാനിപ്പിച്ചു.