ks

കോന്നി: ആനക്കൂട് റോഡിൽ പൊതുവെ വലിയ വാഹനത്തിരക്ക് ഉണ്ടാകാറില്ല. പക്ഷേ, രണ്ടു ദിവസമായി ഇവിടെ അങ്ങനെയല്ല. ആർ.ടി ഒാഫീസിനോട് ചേർന്നുള്ള അപ്പാർട്ട്മെന്റിൽ ഒരു നേതാവ് തങ്ങുന്നു. അദ്ദേഹത്തെ കാണാനും പിന്തുണ അറിയിക്കാനും സെൽഫിയെടുക്കാനുമൊക്കെയായി ആകെ ആൾത്തിരക്ക്.

രാവിലെ 8.45ന് രണ്ടാം നിലയിൽ നിന്ന് പടിയിറങ്ങി വന്നത് ഇളം പച്ച കൈത്തറി ഷർട്ടും വെള്ളമുണ്ടും ധരിച്ച് കാവിയും പച്ചയും കലർന്ന താമര പതിച്ച ഷാളിട്ട സുമുഖനാണ്. ആത്മവിശ്വാസം നിറഞ്ഞ ചിരിയോടെ എല്ലാവർക്കും 'നമസ്കാരം' പറഞ്ഞിറങ്ങിയത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആൾക്കൂട്ടത്തിന് നടുവിലൂടെ വന്ന സുരേന്ദ്രനെ കണ്ട അരുവാപ്പുലം സ്വദേശിനി നിർമല ബഹുമാനത്തോടെ എഴുന്നേറ്റു. ആർ.ടി. ഒാഫീസിൽ അപേക്ഷ നൽകാനെത്തിയതായിരുന്നു അവർ. ''ദാണ്ടമ്മേ, ടിവിയിൽ കാണുന്ന മാമൻ...'' നിർമലയുടെ ഒൻപതുവയസുളള മകൻ അലൻ പറഞ്ഞതു കേട്ട് എല്ലാവർക്കും ചിരി. അലന് കൈ കൊടുത്ത് കുശലം ചോദിച്ച് അടുത്തുളള ഹോട്ടലിലേക്ക് കയറിയപ്പോൾ രണ്ട് ദേശീയ ചാനലുകളുടെ പ്രതിനിധികൾ സുരേന്ദ്രനുമായി അഭിമുഖത്തിനെത്തി. ചപ്പാത്തിയും കുറുമയും കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ചോദ്യങ്ങൾക്ക് കാച്ചിക്കുറുക്കിയ ഉത്തരങ്ങൾ.

അടുത്തുള്ള തട്ടുകടയിലെ ഷാമിയാന കുടയ്ക്ക് കീഴിലിരുത്തിയാണ് മറ്റൊരു ചാനൽ അഭിമുഖം നടത്തിയത്. പതിനൊന്ന് മണിക്ക് എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫീസിൽ കെ.സുരേന്ദ്രന്റെ വാർത്താസമ്മേളനം. അര മണിക്കൂർ വാർത്താസമ്മേളനം കഴിഞ്ഞ് പോസ്റ്റർ ഇറക്കുന്നതിനുള്ള ഫോട്ടോ ഷൂട്ടിനായി തൊട്ടടുത്തുള്ള സ്റ്റുഡിയോയിൽ. ചെറിയ ഒരുക്കം കഴിഞ്ഞ് ഷർട്ടുകൾ മാറിമാറിയിട്ട് തൊഴുതും അഭിവാദ്യം ചെയ്തും പല പോസുകളിൽ. സമീപത്തെ ഒാട്ടോ സ്റ്റാന്റിലെ ഡ്രൈവർമാർ. നിറചിരിയോടെ സ്ഥാനാർത്ഥിയെ കൈകൂപ്പി. മഹിളാമോർച്ച പ്രവർത്തകർ സുരേന്ദ്രനെ കൂടെ നിറുത്തി സെൽഫിയെട‌ുത്തു. മണ്ഡലത്തിലെ പ്രമുഖരുടെ വീടുകളിലേക്കായിരുന്നു അടുത്ത യാത്ര. ഉച്ചകഴിഞ്ഞ് തൊട്ടടുത്ത മണ്ഡലമായ റാന്നിയിലെ എൻ.ഡി.എെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ കെ.സുരേന്ദ്രന് '' ധീരാ വീരാ കെ.എസ്സേ, ധീരതയോടെ നയിച്ചോളൂ...'' എന്ന് പ്രവർത്തകരുടെ ആവേശകരമായ സ്വീകരണം. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാറാണ് ഇവിടെ സ്ഥാനാർത്ഥി.

വിശ്വാസികളെ വീണ്ടും

കബളിപ്പിച്ചു

ശബരിമല വിഷയത്തിൽ സി.പി.എം നിലപാടിൽ മാറ്റമില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞതോടെ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സർക്കാരും വിശ്വാസികളെ വീണ്ടും കബളിപ്പിച്ചിരിക്കുകയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

. വിശ്വാസികളെ വഞ്ചിക്കുകയും വേട്ടയാടുകയും ചെയ്തവരാണ് മുഖ്യമന്ത്രി പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കടകംപള്ളി മലക്കം മറിഞ്ഞു. അതിനുളള്ള മറുപടിയാണ് യെച്ചൂരിയുടേത്. പുള്ളിപ്പുലിയുടെ പുള്ളി മായ്ച്ച് കളയാൻ പറ്റില്ല. വിശ്വാസികളോട് കള്ളം പറഞ്ഞ് പിന്തുണ തേടാനാണ് കടകംപള്ളി ശ്രമിച്ചത്. പിണറായി വിജയൻ ഇക്കാര്യത്തിൽ മൗനം വെടിയണം.

കോന്നിയിലും ആറൻമുളയിലും ചെങ്ങന്നൂരിലും സി.പി.എം- ബി.ജെ.പി ധാരണയെന്ന ഒാർഗനൈസർ മുൻ പത്രാധിപർ ആർ.ബാലശങ്കറിന്റെ പ്രസ്താവന വസ്തുതകൾക്ക് നിരക്കുന്നതല്ല. ധർമടത്ത് പിണറായി വിജയനെതിരെ യു.ഡി.എഫ് ശക്തനായ സ്ഥാനാർത്ഥിയെ നിറുത്താതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. വടകര നിന്ന് നേമത്തേക്ക് ഒാടിയ കെ.മുരളീധരൻ എന്തുകൊണ്ടാണ് ധർമടത്തേക്ക് പോകാതിരുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.