അടൂർ: ബാബു ദിവാകരൻ കൂളാണ്. അടൂർ നിയമസഭാ മണ്ഡലം സ്ഥാനാർത്ഥിയായി അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ട ബാബു ഒഴിവാക്കപ്പെട്ടത് അവസാന നിമിഷമാണ്. പക്ഷേ നിരാശയോ വേദനയോ ഇല്ലാതെ അദ്ദേഹം പറയുന്നു- ' ഞാൻ കോൺഗ്രസുകാരനാണ് . എന്നും പാർട്ടിക്കൊപ്പം ഉണ്ടാകും. '
അതാണ് ബാബു ദിവാകരന്റെ പ്രകൃതം. ആശയത്തിനും ആദർശത്തിനുമാണ് ജീവിതത്തിൽ ഒന്നാംസ്ഥാനം. അതുകൊണ്ടുതന്നെ അടൂരിലെ കോൺഗ്രസുകാർക്ക് പ്രിയപ്പെട്ടവനാണ് ഇൗ ചെറുപ്പക്കാരൻ.
. മുമ്പ് അടൂർ നഗരസഭയിൽ ചെയർമാനായി തിളങ്ങിയ അദ്ദേഹത്തിന്റെ പേര് കഴിഞ്ഞ രണ്ട് തവണയും കോൺഗ്രസിന്റെ അടൂരിലെ സ്ഥാനാർത്ഥിപ്പട്ടികയിലുണ്ടായിരുന്നു. പക്ഷേ അവസാന നിമിഷം ഗ്രൂപ്പ് സമവാക്യങ്ങളിൽ ഒഴിവാക്കപ്പെട്ടു. ഇത്തവണ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ പരിഗണനയിൽ വരെ ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായ ബാബുദിവാകരന്റെ പേര് എത്തി. പക്ഷേ കപ്പിനും ചുണ്ടിനുമിടയിൽ ഒഴിവാക്കപ്പെട്ടു. ബാബു സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷച്ചവർ ഏറെയാണ്. അവരെ സമാധാനിപ്പിച്ചതും പാർട്ടിക്കുവേണ്ടി രംഗത്തിറങ്ങാൻ പ്രേരിപ്പിച്ചതും ബാബുവാണ്.
അടൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജി കണ്ണന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ മാത്രമല്ല സമീപ നിയോജക മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടിയും ബാബു ദിവാകരൻ സജീവമാണ്.
------------------
" സീറ്റിന് വേണ്ടി ആരുടെയും പുറകേ പോയിട്ടില്ല. അടൂരിന്റെ മരുമകനായാണ് ഞാൻ കരുനാഗപ്പള്ളിയിൽ നിന്ന് അടൂരിൽ എത്തിയത്. അവിചാരിതമായാണ് നഗരസഭയിൽ കൗൺസിലറായതും ചെയർമാനായതും. നല്ല രീതിയിൽ പ്രവർത്തിക്കാനായി.നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടതിൽ സന്തോഷമുണ്ട്. യഥാർത്ഥ കോൺഗ്രസ് പ്രവർത്തകനാണ്. ഒരു ഗ്രൂപ്പിനും പിന്നാലെ പോയിട്ടില്ല. എന്നെ സ്നേഹിക്കുന്ന കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഇക്കുറി ഞാൻ സ്ഥാനാർത്ഥിയാകും എന്ന പ്രതീക്ഷയുണ്ടായിരുന്നു. ലഭിക്കാതെ വന്നതിൽ നിരാശയില്ല. എന്നും കോൺഗ്രസിനൊപ്പമുണ്ടാകും. "
ബാബു ദിവാകരൻ