കോന്നി : കത്തിയെരിയുന്ന മീനച്ചൂടിനെ അവഗണിച്ച് കോന്നിയിലെ സ്ഥാനാർത്ഥികളും മുന്നണി നേതാക്കളും തിരഞ്ഞെടുപ്പ് ഗോദയിൽ സജ്ജീവം. ഇന്നലെ 39 ഡിഗ്രിയായിരുന്നു ചൂട്. സമീപ ദിവസങ്ങളിലെ ഏറ്റവും ഉയർന്ന താപനില. എന്നാൽ ഇന്നലെ രാവിലെ മുതൽ രാത്രി വരെ സ്ഥാനാർത്ഥികളും നേതാക്കളും വിവിധ പ്രദേശങ്ങളിൽ കൺവെൻഷനുകളിലും കുടുംബ സംഗമങ്ങളിലും വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങിയും വോട്ടുകൾ അഭ്യർത്ഥിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.യു. ജനീഷ് കുമാർ ഇന്നലെ മലയാലപ്പുഴയിൽ പര്യടനം നടത്തിയപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്റർ ഏനാദിമംഗലത്ത് കൺവെൻഷനുകളിലും വിവിധ യോഗങ്ങളിലും പങ്കെടുത്തു. എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ കോന്നിയിൽ തന്നെ ഉണ്ടായിരുന്നു. ഇന്നലെ ചിറ്റാർ, സീതത്തോട് മേഖലകളിലാണ് പര്യടനം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഇത് തിരുത്തി കോന്നിയിൽ തന്നെ കേന്ദ്രീകരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ കോന്നിയിലേക്ക് വിവിധ

രാഷ്ട്രീയ പാർട്ടികളും ദേശീയ , സംസ്ഥാന നേതാക്കൾ എത്തിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു. ജനീഷ് കുമാറിന്റെ വിജയത്തിനായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ് വിവിധ യോഗങ്ങളിൽ പങ്കെടുത്തിരുന്നു. വരും ദിവസങ്ങളിൽ മുഖ്യമന്ത്രി പണറായി വിജയൻ ഉൾപ്പടെയുള്ള കേന്ദ്ര, സംസ്ഥാന നേതാക്കൾ കോന്നിയിൽ എത്തും. എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ വിജയത്തിനായി ഇന്നലെ നടന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ കർണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വന്ത് നാരായണനാണ് എത്തിയത്. വരും ദിവസങ്ങളിൽ ബി.ജെ.പിയുടെ ദേശീയ, സംസ്ഥാന നേതാക്കൾ കോന്നിയിൽ എത്തും. യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്ററുടെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളും കുടുംബ സംഗമങ്ങളും സജ്ജീവമാണ്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പടെയുള്ള കേന്ദ്ര, സംസ്ഥാന നേതാക്കൾ വരും ദിവസങ്ങളിൽ കോന്നിയിൽ എത്തും.