18-public-well
ചെങ്ങറ കുരിശും മൂട് ജംഗ്ഷനിലെ പഞ്ചായത്ത് കിണർ

ചെങ്ങറ: കുരിശും മൂട് ജംഗ്ഷനിലെ പഞ്ചായത്ത് കിണർ നവീകരണം തേടുന്നു. 1966ൽ കോന്നി പഞ്ചായത്ത് പണികഴിപ്പിച്ച മൂന്ന് പൊതുകിണറുകളിൽ ഉപയോഗത്തിലിരിക്കുന്ന ഏക പൊതുകിണറാണിത്. കിണറ്റിലെ വെള്ളം വേനൽകാലത്ത് നിരവധി കുടുബങ്ങളും, സമീപത്തെ കടകളിലെ ആവശ്യത്തിനും ഉപയോഗിക്കുന്നുണ്ട്. വേനൽ കടുത്തതോടെ ദൂരസ്ഥങ്ങളിൽ നിന്നും നിരവധി പേരാണ് ഇവിടെ നിന്നും വാഹനങ്ങളിൽ കുടിവെള്ളം കൊണ്ടു പോകുന്നത്. മഴക്കാലത്ത് കിണറിന് ചുറ്റും ചെളിവെള്ളം കെട്ടിക്കിടന്ന് കിണറ്റിലേക്ക് ഒലിച്ചിറങ്ങി കുടിവെള്ളം മലിനമാകും. ചെങ്ങറ കുരിശുംമൂട് ജംഗ്ഷൻ പഴയ പോസ്റ്റാഫീസ് പടി റോഡ് തകർന്ന് രൂപപ്പെട്ട കുഴിയിലെ വെള്ളമാണ് മഴക്കാലത്ത് കിണറ്റിലേക്ക് ഒലിച്ചിറങ്ങുന്നത്. രാത്രിയിൽ സാമൂഹ്യവിരുദ്ധർ കിണറും, പരിസരവും മലിനപ്പെടുത്തുന്നതും പതിവാകുന്നു. കിണറിന് ചുറ്റും ഉയർത്തിക്കെട്ടി മഴക്കാലത്ത് റോഡിലെ ചെളിനിറഞ്ഞ വെള്ളം കിണറ്റിലേക്ക് ഒലിച്ചിറങ്ങുന്നത് തടഞ്ഞ് പൊതുകിണറിന്റെ അറ്റകുറ്റപണികൾ നടത്തമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.