കോന്നി: കഴിഞ്ഞ ഒന്നര വർഷക്കാലത്തെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.യു ജനീഷ് കുമാറിന്റെ പ്രചാരണം മുന്നേറുന്നു. വോട്ടഭ്യർത്ഥിച്ചെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് പിന്തുണയേകി നാട്ടുകാരും രംഗത്തുണ്ട്. ആദ്യഘട്ട പ്രചരണത്തിന്റെ ഭാഗമായി ഇന്നലെ മൈലപ്ര, മലയാലപ്പുഴ മേഖലകളിലായിരുന്നു ജനീഷ് കുമാറിന്റെ സന്ദർശനം. രാവിലെ മലയാലപ്പുഴയിൽ എൽ.ഡി.എഫ് നേതാക്കൾക്ക് ഒപ്പം സ്ഥാനാർത്ഥി ഭവനങ്ങളും വ്യാപാര സ്ഥാപനങ്ങളിലും സന്ദർശനം നടത്തി.വീടുകളിൽ അപ്രതീക്ഷിതമായി എത്തിയ സ്ഥാനാർത്ഥിക്ക് എല്ലാ പിന്തുണയും ആശംസയും നേർന്നാണ് വീട്ടുകാർ യാത്രയാക്കിയത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളിൽ എത്തിയ സ്ഥാനാർത്ഥി വിശേഷങ്ങൾ തിരക്കുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു. കഴിഞ്ഞ ഒന്നര വർഷക്കാലത്തിനിടെ മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിൽ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക് സന്ദർശന വേളയിൽ വോട്ടർമാർ പ്രത്യേക അഭിനന്ദനവും അറിയിച്ചു. തുടർന്ന് മൈലപ്രയിൽ എത്തിയ സ്ഥാനാർത്ഥി മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ചു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കടകളിൽ കയറിയിറങ്ങിയ സ്ഥാനാർത്ഥിക്ക് വ്യാപാരി സമൂഹം വിജയാശംസയും നേർന്നു.