yogam
തിരുവല്ലയിൽ നടന്ന കോൺഗ്രസ് നേതൃയോഗം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.വി.തോമസ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: തിരുവല്ല നിയോജകമണ്ഡലത്തിൽ കോൺഗ്രസിന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ രംഗത്ത് പിണങ്ങിനിന്ന കോൺഗ്രസിനെ അനുനയിപ്പിച്ചു. കേരള കോൺഗ്രസ് (ജോസഫ്) പാർട്ടിക്ക് സീറ്റ് നൽകിയതോടെയാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം പ്രചാരണ രംഗത്ത് വിട്ടുനിന്നത്. പ്രതിഷേധം തുടർന്നതോടെ കെ.പി.സി.സി നേതൃത്വം ഇടപെട്ടു. കെ.പി.സി.സി പ്രസിഡന്റിന്റെ നിർദ്ദേശത്തെ തുടർന്ന് വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.കെ.വി തോമസ് ഇന്നലെ തിരുവല്ലയിൽ എത്തി കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി.അടുത്ത തവണ തിരുവല്ല സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം കെ.പി.സി.സി ഗൗരവമായി പരിഗണിക്കുമെന്ന് കെ.വി തോമസ് ഉറപ്പുനൽകി. ഇതേത്തുടർന്നാണ് പ്രചാരണ രംഗത്ത് സജീവമാകാൻ പ്രാദേശിക നേതൃത്വം സന്നദ്ധമറിയിച്ചത്.തീരുമാനം പുനപരിശോധിച്ചതോടെ തിരുവല്ലയിൽ നടന്ന നേതൃയോഗം പ്രൊഫ.കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രിയകാര്യസമിതി അംഗം പ്രൊഫ.പി.ജെ കുര്യൻ, കെ.പി.സി.സി സെക്രട്ടറിമാരായ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, എൻ.ഷൈലാജ്,നിർവാഹക സമിതി അംഗം അഡ്വ.റെജി തോമസ്, ഡി.സി.സി ഭാരവാഹികളായ അഡ്വ.സതീഷ് ചാത്തങ്കരി,ജേക്കബ് പി. ചെറിയാൻ, കോശി പി.സക്കറിയാ,യു.ഡി.എഫ് ചെയർമാൻ ലാലു തോമസ്,പി.ടി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.