പത്തനംതിട്ട: തിരുവല്ല മണ്ഡലം ഇത്തവണ ഒരു മാറ്റത്തിനുവേണ്ടി വിധിയെഴുതുമെന്നതിൽ യു.ഡി.എഫ് സ്ഥാനാർഥി കുഞ്ഞുകോശി പോളിനും എൻ.ഡി.എ സ്ഥാനാർഥി അശോകൻ കുളനടയ്ക്കും സംശയമില്ല.
തിരുവല്ലയിൽ കുരുക്കിന്റെ വികസനമാണ് നടപ്പാക്കി വരുന്നതെന്നും പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച ജനവിധി 2021 സ്ഥാനാർത്ഥി സംവാദ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഇരുവരും പറഞ്ഞു. തിരുവല്ലയുടെ വികസനം കാഴ്ചപ്പാടില്ലാതെ നടപ്പാക്കിയതിലൂടെ ബൈപാസും കെ.എസ്.ആർ.ടിസിയും എല്ലാം ഇത്തരം പദ്ധതികളാണെന്നും അവർ പറഞ്ഞു. പ്രസ്‌ക്ലബ് സെക്രട്ടറി ബിജു കുര്യൻ അദ്ധ്യക്ഷത വഹിച്ചു.

കുഞ്ഞുകോശി പോൾ (യു.ഡി.എഫ്)


വികസനത്തിനുവേണ്ടി ആഗ്രഹിക്കുന്ന ഒരു നാടിന്റെ ശബ്ദം ഏറ്റെടുക്കാനുള്ള നിയോഗമായി കാണുന്നുവെന്ന് കുഞ്ഞുകോശി പോൾ. തുടർച്ചയായ മൂന്നു ടേമുകളിൽ വിജയിക്കുകയും അതിൽ രണ്ടു തവണ സംസ്ഥാന മന്ത്രിസഭയിൽ അംഗമാകുകയും ചെയ്ത എം.എൽ.എയുടെ മണ്ഡലത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിലെ പിന്നാക്കാവസ്ഥയെക്കുറിച്ചാണ് വോട്ടർമാർക്ക് പറയാനുള്ളത്.
ജലവിതരണ പദ്ധതികൾ അടക്കം പൂർത്തിയാക്കിയിട്ടില്ല. മല്ലപ്പള്ളി, ആനിക്കാട് പദ്ധതിയാണ് ഇതിൽ പ്രധാനം. പെരിങ്ങര, നെടുമ്പ്രം തുടങ്ങി അപ്പർകുട്ടനാട് മേഖലകളിൽ ശുദ്ധജലം കിട്ടാതെ ആളുകൾ നരകിക്കുകയാണ്. തിരുവല്ല നഗരസഭയിലെ മിക്ക വാർഡുകളിലും ശുദ്ധജലം കിട്ടാനില്ല. കോടികൾ ചെലവഴിച്ച് നിർമിച്ച ബസ് സ്റ്റേഷൻ സമുച്ചയതിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണ്. അടുത്തയിടെ ഉദ്ഘാടനം നടന്ന തിരുവല്ല ബൈപാസിലൂടെ സഞ്ചരിച്ചാൽ അപകടം ഉറപ്പാണ്. തിരക്ക് കുറയ്ക്കാനായിട്ടാണ് ബൈപാസ് നിർമിച്ചത്. അതിപ്പോൾ കൂടുതൽ തിരക്കിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നു. രണ്ട് പ്രളയങ്ങളിലായി ദുരിതമനുഭവിക്കുന്നവരാണ് തിരുവല്ല, അപ്പർകുട്ടനാട് പ്രദേശത്തുള്ളവർ. അവരുടെ ദുരിതങ്ങൾക്ക് ശ്വാശ്വത പരിഹാരമായിട്ടില്ല. വിദേശ മലയാളികളുടെ പ്രശ്‌നങ്ങൾക്കും പരിഹാരമില്ല.


വോട്ടുവർദ്ധനയിൽ ബി.ജെ.പിക്ക് പ്രതീക്ഷ

തിരുവല്ലയിലെ സ്ഥാനാർഥിയായി താൻ എത്തിയത് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനപ്രകാരമാണെന്നും അശോകൻ കുളനട പറഞ്ഞു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ബി.ജെ.പിക്ക് ക്രമാനുഗതമായ വോട്ട് വർദ്ധനയുണ്ടെന്ന് കാണാനാകും. ന്യൂനപക്ഷ സമുദായ അംഗങ്ങൾ ബി.ജെ.പിയോട് അടുത്തുകൊണ്ടിരിക്കുകയാണ്. ആറൻമുളയിൽ ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ള ഒരാളാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ഒരു ഡീലും ഒരിടത്തും നടന്നിട്ടില്ല. എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും വോട്ടുകൾ ഇത്തവണ എൻ.ഡി.എയ്ക്കു ലഭിക്കും. അസ്വസ്ഥർ യു.ഡി.എഫിലുണ്ട്. യു.ഡി.എഫിൽ സ്ഥാനാർഥി മോഹികൾ നിരവധിപേരുണ്ടായിരുന്നു. ഇത് എൻ.ഡി.എയ്ക്ക് അനുകൂല ഘടകമാണെന്നും അശോകൻ പറഞ്ഞു.

ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റിയെന്ന് മാത്യു ടി.

തിരുവല്ല: ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വം വിശ്വസ്തതയോടെ നിർവഹിച്ചുവെന്ന് മാത്യു ടി. തോമസ് പറഞ്ഞു. നാടിന്റെ ക്ഷേമം ഉറപ്പാക്കാൻ തുടർന്നും താനും ഇടതുമുന്നണിയും കൂടെയുണ്ടാകും.
വരട്ടാറും കോലറയാറും പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞു. തിരുവല്ല ബൈപാസ് പൂർത്തീകരണം ഇക്കാലയളവിലെ പ്രധാന നേട്ടങ്ങളിലൊന്നാണ്. കിൻഫ്ര പാർക്കിൽ പുതിയ സ്ഥാപനങ്ങൾ വന്നതും പുതിയ സംരംഭങ്ങൾക്ക് പരിശീലനം നൽകിയതും ഇക്കാലയളവിലാണ്. തിരുവല്ല താലൂക്ക് ആശുപത്രിക്ക് മൂന്നുനില കെട്ടിടം നിർമിച്ചു. നാലുനിലയുള്ള മറ്റൊരു കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരണഘട്ടത്തിലാണ്. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടത്തിന് 34 കോടി രൂപയുടെ പദ്ധതിയായി. ഒമ്പതു കോടി രൂപയുടെ ആശുപത്രി ഉപകരണങ്ങളാണ് നൽകിയിട്ടുള്ളത്. നിരണം, തിരുവല്ല കുടുംബാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങാനായി. 58 കോടി രൂപയുടെ തിരുവല്ല ചങ്ങനാശേരി ശുദ്ധജലവിതരണ പദ്ധതി കമ്മീഷൻ ചെയ്തു. പുളിക്കീഴ് ശുദ്ധജല വിതരണ പദ്ധതി കമ്മീഷൻ ചെയ്തു.