തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശനത്താൽ പരിപാവനമായ മണിമലയാറിന്റെ തീരത്ത് 12-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ ഏപ്രിൽ 1 മുതൽ 5 വരെ സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. ഏപ്രിൽ ഒന്നിന് രാവിലെ 10ന് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി ധർമ്മസംഘം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ എന്നിവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും. കെ.എ. ബിജു ഇരവിപേരൂർ ചെയർമാനായും, കെ.ജി. ബിജു വൈസ് ചെയർമാനായും അനിൽ എസ്.ഉഴത്തിൽ ജനറൽ കൺവീനറായും എസ്.രവീന്ദ്രൻ എഴുമറ്റൂർ കൺവീനറായും പി.എസ്.വിജയൻ രക്ഷാധികാരിയും യൂണിയൻ കൗൺസിൽ അംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, യൂണിയൻതല പോഷകസംഘടനാ ഭാരവാഹികൾ, ശാഖായോഗം പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായി വിപുലമായ കമ്മിറ്റി കൺവെൻഷൻ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

ഭൂമിപൂജയും കാൽനാട്ടുകർമ്മവും


കൺവെൻഷനു മുന്നോടിയായുള്ള ഭൂമിപൂജയും കാൽനാട്ടുകർമ്മവും 19ന് രാവിലെ 8.30നും 9.30നും മദ്ധ്യേ കൺവെൻഷൻ നഗറിൽ ശിവബോധാനന്ദ സ്വാമികളുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.

പീതാംബരദീക്ഷ
ശ്രീനാരായണ കൺവെൻഷന്റെ ഭാഗമായുള്ള പീതാംബരദീക്ഷ 24ന് വൈകിട്ട് മൂന്നിന് യൂണിയൻ ഓഡിറ്റോറിയത്തിൽ സ്വാമി ധർമ്മ ചൈതന്യയുടെ മുഖ്യകാർമ്മികത്വത്തിൽ നൽകും.