election

പത്തനംതിട്ട : രാഷ്ട്രീയം കൊടിയിലല്ല. വികസനത്തിലും വ്യക്തിത്വത്തിലുമാണെന്നാണ് ഭൂരിഭാഗം വിദ്യാർത്ഥികളുടെയും അഭിപ്രായം. വ്യക്തമായ രാഷ്ട്രീയമുണ്ടെങ്കിലും വെറുതേ വോട്ട് നൽകുകയല്ല യുവജനത. വികസനവും തൊഴിലും പരിസ്ഥിതിയും കുടുംബാരോഗ്യവുമെല്ലാം അവരുടെ വിഷയങ്ങളാണ്. കൃത്യമായ കാഴ്ചപ്പാടുള്ള കന്നിവോട്ടർമാരുടെ വോട്ട് സങ്കല്പ്പങ്ങൾ.

" തൊഴിൽ വേണം. പഠിച്ചിറങ്ങി വെറുതെ നിൽക്കേണ്ടി വരുന്ന ഒരുപാട് പേരുണ്ട്. തൊഴിൽ പരിപാടികൾ പ്രഹസനം ആകരുത്. നേതാക്കൾക്ക് തെറ്റ് പറ്റിയാൽ തിരുത്താനുള്ള മനസുണ്ടാവണം. ന്യായികരിച്ച് വെള്ള പൂശുന്നതിനോട് യോജിക്കുന്നില്ല. "

പി. അപർണ,

പ്രമാടം

"എല്ലാ മേഖലയിലും വികസനം വേണം. വിദ്യാഭ്യാസത്തിനാകണം പ്രാധാന്യം. ആരോഗ്യകരമായ ഒരു തലമുറയ്ക്കായി വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി സ്ഥാപനങ്ങൾ ഉയർന്ന് വരണം. "

അർച്ചന അനിൽ

ആറന്മുള

" വോട്ടിന് മാത്രം ജനങ്ങളെ ആശ്രയിക്കുന്നവരാകരുത് ഒരു ജനപ്രതിനിധിയും. എല്ലായ്പ്പോഴും ജനങ്ങളുടെ ആവശ്യങ്ങളിൽ കൂടെ നിൽക്കുന്നവരാകണം. വികസനം കാട്ടികൂട്ടലുകളാകരുത്. പരിസ്ഥിതി നശിപ്പിക്കാതെ ഉപയോഗപ്പെടുത്തണം. "

ഗൗരിപ്രിയ

പത്തനംതിട്ട

" കളിയ്ക്കാൻ ഒരു സ്റ്റേഡിയം പോലും ഇല്ലാത്ത നാടാണ്. വികസനം എല്ലാ തരത്തിലും ആകണം. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ ജനങ്ങളിൽ എത്തണം. സംസ്ഥാന സർക്കാരിന്റെ പദ്ധതികളടക്കം ജനങ്ങൾക്ക് ഉപകാരപ്രദമായവ രാഷ്ട്രീയത്തിന്റെ പേരിൽ അട്ടിമറിക്കരുത്."

ഒ. ഇന്ദ്രജിത്ത്

കോന്നി

"ശബരിമല പാതകൂടിയായ ഇവിടെ തീർത്ഥാടന ടൂറിസത്തിന് കൂടുതൽ ഊന്നൽ നൽകിയാൽ വലിയ നേട്ടമാകും. നാട് നന്നാകണമെങ്കിൽ ജനങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ ലഭ്യമാകണം."

അമൽ കാമ്പിയിൽ

കൂടൽ

" ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടിയുടെ വക്താവായി ഇടപെടരുത്. രാഷ്ട്രീയ നോക്കാതെ പ്രശ്നങ്ങളിൽ ഇടപെടാനും പരിഹാരം കാണാനും ജനപ്രതിനിധികൾക്ക് കഴിയണം."

കെ.ജെ അജിൻ

വകയാർ