പത്തനംതിട്ട : സംസ്ഥാനത്ത് തുടർഭരണമുണ്ടാകുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രമോദ് നാരായൺ പറയുമ്പോൾ അത് വ്യാമോഹമാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി റിങ്കു ചെറിയാൻ. തുടർഭരണം കിട്ടുമെന്ന് എൽ.ഡി.എഫും ഭരണംകിട്ടുമെന്ന് യു.ഡി.എഫും വിചാരിക്കേണ്ടെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി കെ. പത്മകുമാറും അഭിപ്രായപ്പെട്ടു. പത്തനംതിട്ട പ്രസ്ക്ലബ് ജനവിധി 2021 പരിപാടിയിൽ സംസാരിക്കുകയായിരുന്നു മൂവരും. പ്രസ്ക്ലബ് സെക്രട്ടറി ബിജു കുര്യൻ വൈസ് പ്രസിഡന്റ് ജി. വിശാഖൻ എന്നിവർ സംസാരിച്ചു.
തുടർഭരണത്തിൽ പങ്കാളിയാകും
മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് 3000 കോടിയുടെ വികസന പദ്ധതി ആദ്യമായി പൂർത്തീകരിച്ച മണ്ഡലമാണ് റാന്നി. മാറിയുള്ള കേരളത്തിന്റെ ഭരണശീലം തന്നെ മാറാൻ പോകുകയാണ്. തുടർഭരണത്തിൽ റാന്നിയുടെ സംഭാവനയുണ്ടാകും. റാന്നിയുടെ വലിയ സാദ്ധ്യതയാണ് ടൂറിസം. തീർത്ഥാടന ടൂറിസവും ജനങ്ങളെ ഉൾപ്പെടുത്തിയുള്ള ഉത്തരവാദിത്വ ടൂറിസവും റാന്നിയുടെ മാത്രം പ്രത്യേകതയാണ്. പ്രവാസികളിൽ ജോലി നഷ്ടപ്പെട്ട പാവപ്പെട്ടവരെയും ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താം. വിവരവും ബോധവുമുള്ള ഒരു തലമുറ റാന്നിയിലുണ്ട്. ഇവരുടെ കഴിവുകളെ പരിപോഷിപ്പിക്കാൻ നോളജ് വില്ലേജ് പദ്ധതി ആരംഭിക്കും. ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ അവരുടെ ആശയങ്ങൾ പങ്കുവയ്ക്കാനായി ഒരു വെബ് സൈറ്റും ആരംഭിച്ചിട്ടുണ്ട്. മലയോര ഹൈവേ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കൂടുതൽ മെച്ചപ്പെടുത്തും. താൻ ഒരു അയ്യപ്പ വിശ്വാസിയാണ് . വിശ്വാസികൾക്ക് പോറൽ എൽക്കുന്ന ഒന്നും ഇവിടെ സംഭവിക്കാൻ സമ്മതിയ്ക്കില്ല.
പ്രമോദ് നാരായൺ,
എൽ.ഡി.എഫ് സ്ഥാനാർത്ഥി
തുടർ ഭരണം ഉണ്ടാകില്ല
ഇരുപത്തഞ്ച് വർഷമായുള്ള റാന്നിയുടെ മുരടിപ്പിൽ പ്രതിഷേധമല്ല ദുഃഖമാണ്. തുടർ ഭരണത്തിന് ഒരു സാദ്ധ്യതയും നിലവിലില്ല. എൽ.ഡി.എഫിന്റെ വികസന സങ്കല്പം നല്ലതാണ്. പക്ഷെ ഇത്രയും വികസന മുരടിപ്പ് അനുഭവിക്കുന്ന മണ്ഡലം വേറെ ഇല്ല. ഒരു മെഡിക്കൽ കോളേജ് , നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവയൊന്നും ഇവിടില്ല. വില കൊടുത്ത് ടാങ്കറിൽ കുടിവെള്ളം എത്തിക്കേണ്ട അവസ്ഥയാണ്. അങ്ങാടി, ഇട്ടിയപ്പാറ പ്രദേശങ്ങളിൽ പ്രളയത്തിൽ നാശ നഷ്ടം നേരിട്ട വ്യാപാരികളിൽ നിന്ന് അപേക്ഷ വാങ്ങുക മാത്രം ചെയ്തു. റാന്നിയിൽ മെഡിക്കൽ കോളേജും എയർ പോർട്ടും വേണ്ടതാണ്. റാന്നിക്ക് അനുവദിച്ച റബർ പാർക്ക് കോട്ടയത്ത് കൊണ്ട് പോയി. ചെറുപ്പക്കാർക്ക് തൊഴിൽ ഇല്ല . ശബരിമല ഭക്തരോട് ക്രൂരമായി പെരുമാറിയത് അവർ മറക്കില്ല. ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായി.
കെ.പത്മകുമാർ,
എൻ.ഡി.എ സ്ഥാനാർത്ഥി
വികസനം എവിടെ ?
വർഷങ്ങളായി താൻ റാന്നിയിലെ ജനങ്ങൾക്ക് ഒപ്പമുണ്ട്. 3000 കോടിയുടെ വികസനം നടപ്പാക്കിയതെവിടെയെന്ന് വ്യക്തമാക്കണം. ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം പോലും ഇല്ലാത്ത നാടാണ് റാന്നി. കുടിവെള്ള ക്ഷാമം, യാത്രാ സൗകര്യം, വിദ്യാഭ്യാസ സൗകര്യം തുടങ്ങിയ അടിസ്ഥാന വികസനമാണ് വേണ്ടത്. പ്രവാസി പുനരധിവാസത്തിന് പദ്ധതി വേണം. സ്ത്രീകൾക്ക് തൊഴിൽ സംരംഭങ്ങൾ തുടങ്ങണം. ശബരിമലയെ ഇല്ലാതാക്കാനാണ് പിണറായി സർക്കാർ ശ്രമിച്ചത്. ശബരിമല വിശ്വാസി സമൂഹത്തെ സംരക്ഷിക്കും. ശബരിമല വികസനത്തിന് പ്രാധാന്യം നൽകും. റബർ കർഷകർക്ക് ഒരു സഹായവും ഇല്ല. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ റബർ കർഷകർക്ക് താങ്ങുവില നൽകും. ന്യായ് പദ്ധതിയും നടപ്പാക്കും. എയർപോർട്ട് റാന്നിയിൽ വേണം. പുനലൂർ - മൂവാറ്റുപുഴ റോഡ് പണിയിൽ വൻ അഴിമതിയാണ് നടക്കുന്നത്.
റിങ്കു ചെറിയാൻ,
യു.ഡി.എഫ് സ്ഥാനാർത്ഥി