
കടമ്പനാട് : തിരഞ്ഞെടുപ്പിൽ ജയിക്കാൻ മത - സാമുദായിക നേതൃത്വങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ രാഷ്ട്രീയ നേതൃത്വങ്ങളും സ്ഥാനാർത്ഥികളും മത്സരിക്കുന്ന ഇൗ കാലത്തിന് ഒാർമ്മിക്കാൻ, സമുദായ നേതൃത്വത്തെ ധിക്കരിച്ചതിന് പിന്തുണകിട്ടി വിജയം നേടിയ ഒരു ചരിത്രമുണ്ട് പത്തനംതിട്ടയ്ക്ക്. സ്ഥാനാർത്ഥി നാടകാചാര്യൻ തോപ്പിൽ ഭാസിയും സമുദായ നേതാവ് മന്നത്ത് പദ്മനാഭനും ആകുമ്പോൾ ആ ഓർമകൾക്ക് പകിട്ടേറെയാണ്. വർഷം 1957. കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷമുള്ള പത്തനംതിട്ടയിലേക്ക് വരുമ്പോൾ തോപ്പിൽ ഭാസി പറഞ്ഞു :- തോൽക്കാൻ തന്നെയാണ് മത്സരിക്കുന്നത്. 1954 ലെ തിരഞ്ഞെടുപ്പിൽ ഭരണിക്കാവ് മണ്ഡലത്തിൽ നിന്ന് തോപ്പിൽ ഭാസി വിജയിച്ചിരുന്നു. പാർട്ടി നേതൃത്വവും പ്രത്യേകിച്ച് എം.എൻ. ഗോവിന്ദൻ നായരുമായിരുന്നു പത്തനംതിട്ടയിൽ മത്സരിക്കാൻ ആവശ്യപ്പെട്ടത്. പത്തനംതിട്ടയിൽ അതിനു മുൻപ് സ്റ്റേറ്റ് അസംബ്ലിയിലേക്ക് കോൺഗ്രസ് മാത്രമെ വിജയിച്ചിരുന്നുള്ളു.
തോപ്പിൽ ഭാസി പത്തനംതിട്ടയിലെത്തുമ്പോൾ സ്വീകരിക്കാൻ തന്നെ ആള് കുറവായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അത്രയ്ക്ക് ആളില്ലാത്ത മണ്ഡലം. ഒരു ചായ കടയിൽ ഓഫീസും തുറന്ന് പ്രവർത്തനം ആരംഭിച്ചു. കോൺഗ്രസിലെ എൻ.ജി. ചാക്കോയായിരുന്നു എതിരാളി. തോൽവി മുന്നിൽ കണ്ടുള്ള പ്രചാരണം നടക്കുമ്പോഴാണ് എൻ.എസ്.എസ് നേതാവ് മന്നത്തു പദ്മനാഭൻ പത്തനംതിട്ടയിലെത്തുന്നത്.
പാർട്ടി പ്രവർത്തകർ തോപ്പിൽ ഭാസിയോട് മന്നത്തിനെ പോയി കാണാൻ ആവശ്യപ്പെട്ടു. " താനിവിടെ ഉണ്ടല്ലോ.. മന്നത്തിന് വേണമെങ്കിൽ തന്നെവന്നു കാണാമല്ലോ.,, " എന്നായിരുന്നു തോപ്പിൽ ഭാസിയുടെ മറുപടി. തിരഞ്ഞെടുപ്പിനു വേണ്ടി മന്നത്തിനെ കാണില്ലെന്നായിരുന്നു തോപ്പിൽ ഭാസിയുടെ തീരുമാനം. പാർട്ടി പ്രവർത്തകർ എത്ര നിർബന്ധിപ്പിട്ടും അദ്ദേഹം വഴങ്ങിയില്ല. പ്രവർത്തകരിലാരോ സംഭവം അല്പം എരിവും പുളിയും ചേർത്ത് മന്നത്തിന്റെ ചെവിയിലെത്തിച്ചു. " അവനാണ് ഉശിരുള്ള നായരെന്നും അവനെ വിജയിപ്പിക്കണമെന്നും മന്നം ആഹ്വാനം ചെയ്തു " എല്ലാവരും ഞെട്ടി. ഇതോടെ രാഷ്ട്രീയ രംഗം മാറിമറിഞ്ഞു. തിരഞ്ഞടുപ്പ് ഫലം വന്നപ്പോൾ വിരലിലെണ്ണാൻ കമ്മ്യൂണിസ്റ്റുകളില്ലാത്ത പത്തനംതിട്ട മണ്ഡലത്തിൽ 7648 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോപ്പിൽ ഭാസി വിജയിച്ചു, പത്തനംതിട്ടയുടെ ആദ്യ എം.എൽ.എയായി. 1960 വരെ അദ്ദേഹം പത്തനംതിട്ടയുടെ എം.എൽ.എയായി തുടർന്നു.