ചെങ്ങന്നൂർ: ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ബന്ധമുണ്ടെന്ന ആർ.എസ്.എസ് നേതാവ് ബാലശങ്കറിന്റെ ആരോപണം ശുദ്ധനുണയും തെറ്റിദ്ധാരണ ജനകവുമാണെന്ന് എൽ.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ബി.ജെ.പിയുടെ കാലുമാറ്റ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവാണ് ബാലശങ്കർ. സീറ്റുവിഭജനത്തോടെ ആഭ്യന്തര കലഹം മൂർച്ഛിച്ച് നിൽക്കുന്ന ബി.ജെ.പിക്ക് ഒരു സീറ്റുപോലും കിട്ടില്ലെന്ന് അറിയാവുന്ന ബാലശങ്കർ നടത്തിയ പ്രസ്താവന തത്വത്തിൽ യു.ഡി.എഫിനെ സഹായിക്കാനാണ്.
രണ്ട് പതിറ്റാണ്ടായി ചെങ്ങന്നൂരിലെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പു ചരിത്രം യു.ഡി.എഫിന് വോട്ടു അട്ടിമറിച്ച് നൽകുന്നതാണ്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതലാണ് ചെങ്ങന്നൂരിൽ യു.ഡി.എഫിന് വേണ്ടി ബി.ജെ.പിയുടെ വോട്ടു കച്ചവടം ആരംഭിക്കുന്നത്. 2001ൽ 12,598 വോട്ടു നേടിയ ബി.ജെ.പി 2006ലെ തിരഞ്ഞെടുപ്പിൽ 3299 വോട്ട് മാത്രമാണ് നേടിയത്. 2011ലെ തിരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് ആവർത്തിക്കുകയായിരുന്നു. 6057 വോട്ടുകൾ മാത്രം ലഭിച്ച ബി.ജെ.പിയുടെ നിലപാട് മൂലം പി.സി വിഷ്ണുനാഥ് വീണ്ടും വിജയിച്ചു.
2016ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ രാമചന്ദ്രൻ നായർ വിജയിക്കുമ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി പി.എസ് ശ്രീധരൻ പിള്ള 42,590 വോട്ടു നേടി. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ സജി ചെറിയാനെതിരെ വീണ്ടും മത്സരിച്ച ശ്രീധരൻ പിള്ളയ്ക്ക് 35,270 വോട്ടുകളേ ലഭിച്ചുള്ളു. ഈ തിരഞ്ഞെടുപ്പിലും 7320 വോട്ടുകൾ യു.ഡി.എഫിന് മറിച്ചുനൽകി. സംസ്ഥാനത്ത് തന്നെ കോൺഗ്രസ്, ബി.ജെ.പി പരസ്യ ബാന്ധവം ആരംഭിച്ച നിയോജക മണ്ഡലമാണ് ചെങ്ങന്നൂർ. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, സർവ്വീസ് സഹകരണ ബാങ്കുകളിലുമുള്ള തിരഞ്ഞെടുപ്പുകളിൽ ഈ അവിശുദ്ധ ബന്ധം തുടരുകയാ
ണെന്ന്
പ്രസിഡന്റ് അഡ്വ.ജോയിക്കുട്ടി ജോസ്, സെക്രട്ടറി അഡ്വ.പി വിശ്വംഭരപണിക്കർ, കൺവീനർ എം.എച്ച് റഷീദ് എന്നിവർ പറഞ്ഞു.