പന്തളം : മത്സ്യവുമായെത്തിയ മിനി വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. തിരുനെൽവേലി രാമദാപുരം ശെൽവൻ(29) നാണ് പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ 5.30ഓടെ എം സി റോഡിൽ കുരമ്പാല മൈനാപ്പള്ളിൽ ജംഗ്ഷനിലായിരുന്നു അപകടം. അടൂരിൽ നിന്ന് പന്തളം ഭാഗത്തേക്ക് വരുമ്പോൾ നിയന്ത്രണം വിട്ട വാൻ എതിർ വശത്തെ കലുങ്കിൽ തട്ടി മറിയുകയായിരുന്നു.
വാനിന്റെ കാബിനിൽ കുടുങ്ങിയ ശെൽവത്തിനെ ശ്രമകരമായാണ് പുറത്തെടുത്തത്. ഇയാളുടെ ഇടത് കൈയ്ക്ക് ഒടിവുണ്ട്. നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ വാനിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. വാനിലുണ്ടായിരുന്ന മത്സ്യം റോഡിൽ ചിതറി. ഒരു മണിക്കൂറോളം എം സി റോഡിൽ ഗതാഗതം തടസപ്പെട്ടു.