പത്തനംതിട്ട: പുതുപുത്തൻ സാങ്കേതിക വിദ്യകളുമായി തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്ന ഇക്കാലത്ത് പോസ്റ്ററോ ചുവരെഴുത്തോ അധികമില്ലാതെ ജനങ്ങളുടെ മനസിൽ സ്നേഹത്തോടെ കടന്നുകയറി തുടർച്ചയായി മൂന്ന് തവണ എം.എൽ.എ ആയ ആളാണ് കെ.കെ.ശ്രീനിവാസൻ. കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം1980 മുതൽ 91 വരെ ആറൻമുളയുടെ എം.എൽ.എയായിരുന്നു. സമകാലികർക്ക് അദ്ദേഹം ശ്രീനിയണ്ണനും ശ്രീനിച്ചേട്ടനും ശ്രീനിവാസൻ സാറുമായിരുന്നു. നർമ്മം കലർന്ന പ്രസംഗ ശൈലിയും രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ളാവരെയും ചേർത്ത് കൊണ്ടുപോകുന്ന പ്രവർത്തനവുമായിരുന്നു അദ്ദേഹത്തിന്റെതെന്ന് അക്കാലത്ത് ഒപ്പം രാഷ്ട്രീയപ്രവർത്തനം നടത്തിയ ശ്രീനിവാസന്റെ അടുത്ത സുഹൃത്ത് കുളനട സ്വദേശി ഭാനുദേവൻ നായർ ഒാർക്കുന്നു.
രൂപം കൊണ്ട് കറുപ്പായിരുന്ന ശ്രീനിവാസന് പട്ടികജാതി കോളനികളിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചിരുന്നതെന്ന് ഭാനുദേവൻ നായർ പറഞ്ഞു. ഒരിക്കൽ ആറൻമുള എഴിക്കാട് കോളനിയിൽ എത്തിയ അദ്ദേഹം ' ഞാൻ നിങ്ങളിൽ പലരുടെയും ബന്ധുവാണ്' എന്ന് പറഞ്ഞ് പ്രസംഗം തുടങ്ങിയപ്പോൾ കേൾവിക്കാരുടെ എണ്ണം കൂടിക്കൂടി വന്നു.
വ്യവസായ മന്ത്രിമാരായിരുന്ന ടി.വി.തോമസിനെയും ഗൗരിയമ്മയെയും വിമർശിച്ചുകൊണ്ട് ശ്രീനിവാസൻ നടത്തിയ ഫലിതപ്രസംഗം വിവാദമായിട്ടുണ്ട്. വ്യവസായ വകുപ്പ് ശ്രീനിവാസനിൽ നിന്ന് ഗൗരിയമ്മയ്ക്ക് ലഭിച്ച കാലത്ത്, കൂടെപ്പാർത്ത തോമസിന്റെ ഗുണമൊന്നും ഗൗരിയമ്മയ്ക്കില്ലെന്ന വിമർശന വാക്കുകൾ വലിയ വാഗ്വാദത്തിന് തിരികൊളുത്തി.
എം.എൽ.എ ആയിരുന്ന കാലത്ത് ആറൻമുള, കുളനട, കല്ലിശേരി എന്നിവിടങ്ങളിലെ സർക്കാർ ഗസ്റ്റ് ഹൗസുകളിലായിരുന്നു ശ്രീനിവാസന്റെ താമസം. ഇതേപ്പറ്റി അടുപ്പക്കാർ ചോദിച്ചപ്പോൾ, നാള് ആയില്യമാണെന്നും കർക്കടകവും കറുത്തവാവും ചേർന്ന ഒരു വെള്ളിയാഴ്ചയാണ് ജനിച്ചതെന്നുമായിരുന്നു മറുപടി. ഇങ്ങനെ ജനിച്ചവരുടെ അടുത്ത് താമസിക്കുന്നവർക്ക് ആപത്ത് വരുമെന്ന അന്ധവിശ്വാസം പ്രചരിച്ചിരുന്ന കാലമായിരുന്നു അത്.
എഴിക്കാട് പട്ടികജാതി കോളനിയിൽ ഒരുമിച്ച് 100 വീടുകൾ പണി തീർത്ത് താക്കോൽ കൈമാറിയത് ശ്രീനിവാസൻ എം.എൽ.എ ആയിരുന്നപ്പോഴാണ്. അയിരൂർ പാലം, പന്തളം പാലം എന്നിവയുടെ നിർമാണം പൂർത്തിയാക്കി. അയിരൂരിൽ നിന്നും ആറൻമുളയിൽ നിന്നും തിരുവനന്തപുരത്തിന് കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി. ശ്രീനിവാസൻ എം.എൽ.എ ആകുന്ന കാലത്ത് ആറൻമുള മണ്ഡലത്തിലെ അയിരൂർ ഒഴികെയുള്ള ഭാഗം ആലപ്പുഴ ജില്ലയുടെ ഭാഗമായിരുന്നു. ഹരിപ്പാട് ചിങ്ങോലി കരീശേരിൽ കുടുംബാംഗമായ ശ്രീനിവാസൻ കെ.പി.സി.സി ജനറൽ സെക്രട്ടറി പദവി വരെ വഹിച്ചിട്ടുണ്ട്. ഹരിപ്പാട്ടും എം.എൽ.എ ആയിരുന്ന അദ്ദേഹം 1995ൽ മരിച്ചു.