തിരുവല്ല: പിണക്കങ്ങൾ മറന്ന് ഒന്നിച്ചതോടെ മണ്ഡലം കൺവെൻഷനുകളും നേതൃസംഗമങ്ങളുമായി യു.ഡി.എഫ് തിരഞ്ഞെടുപ്പ് ഗോദയിൽ സജീവമായി. തിരുവല്ല നഗരസഭ,കടപ്ര,നിരണം,പെരിങ്ങര,കുറ്റൂർ,നെടുമ്പ്രം പഞ്ചായത്തുകളിൽ നേതൃയോഗം നടത്തി. ഇന്ന് മല്ലപ്പള്ളി,ആനിക്കാട്,പുറമറ്റം,കവിയൂർ,കുന്നന്താനം പഞ്ചായത്തുകളിൽ യോഗം നടക്കും. 21മുതൽ 23വരെ മണ്ഡലം കൺവെൻഷനുകളും നടത്തും. 24മുതൽ സ്ഥാനാർത്ഥി പര്യടനം ആരംഭിക്കും. സ്ഥാനാർത്ഥി കുഞ്ഞുകോശിപോൾ നിയോജകമണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. തിരുവല്ല നഗരത്തിലെ വ്യാപാരികളോട് വോട്ട് അഭ്യർത്ഥിച്ചു. മാർത്തോമ്മാ സഭാ ഓഫിസിലും സന്ദർശനം നടത്തി. തുടർന്ന് വിവിധ തൊഴിൽശാലകളിലും സന്ദർശനം നടത്തി. ചുമത്ര ട്രാക്കോ കേബിൾ, വളഞ്ഞവട്ടം ബിവറേജസ്, പുളിക്കീഴ് ഷുഗർ ഫാക്ടറി എന്നിവിടങ്ങൾ സന്ദർശിച്ച് ജീവനക്കാരോടും തൊഴിലാളികളോടും വോട്ട് തേടി.സന്തോഷ് ട്രോഫി താരം ഇരവിപേരൂർ ആൽത്തറയ്ക്കൽ തോമസ് വർഗീസിന്റെയും ആനിക്കാട്,പുളിക്കാമല,ആഞ്ഞിലിത്താനം,പെരിങ്ങര എന്നിവിടങ്ങളിലും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ഡി.സി.സി സെക്രട്ടറിമാരായ സതീഷ് ചാത്തങ്കരി,കോശി പി.സഖറിയ,കോൺഗ്രസ് കടപ്ര മണ്ഡലം പ്രസിഡന്റ് തോമസ് പി.വർഗീസ്,ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പി.സി. ഏബ്രഹാം എന്നിവർ ഒപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിനായി യൂത്ത്ഫ്രണ്ട് സ്ക്വാഡ് രൂപീകരിച്ചു. നിയോജക മണ്ഡലത്തിലെ 12 മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ബിനു കുരുവിള നിർവഹിച്ചു. മണ്ഡലംപ്രസിഡന്റ് ടിജുചാക്കോ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽസെക്രട്ടറി ജോമോൻ ജേക്കബ്,സജി കൂടാരം,സോബിൻ തോമസ്,ഫിജി ഫിലിപ്പ്,ശ്രീകുമാർ,ശ്യാം എന്നിവർ പ്രസംഗിച്ചു.
കുഞ്ഞുകോശി പോൾ ഇന്ന് രാവിലെ 11.30ന് തിരുവല്ല ആർ.ഡി.ഒ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിക്കും. നിയോജകമണ്ഡലം കൺവെൻഷൻ നാളെ മൂന്നിന് സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടക്കും. കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യും.