
ആറന്മുള: 'വരവറിയാതെ ചെലവ് കഴിച്ചാൽ പെരുവഴി ആധാരം, ആർക്കും പെരുവഴി ആധാരം...' . ഒരു സിനിമാ ഗാനത്തിലെ വരികളാണിവ. തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥാനാർത്ഥികളോട് പറയുന്നതും ഇതാണ്. ചെലവ് കുറച്ച് പ്രചാരണം നടത്തണമെന്ന മുന്നറിയിപ്പാണ് ഇതിൽ ഒളിഞ്ഞു കിടക്കുന്നത്. ഭക്ഷണം നൽകിയാലും മാസ്ക് കൊടുത്താലും ഇനി സ്ഥാനാർത്ഥിയുടെ കണക്കിൽ വരും. ഇത് കണ്ടെത്താൻ ഓരോ മണ്ഡലങ്ങളിലും മുക്കിലും മൂലയിലും വരെ നിരീക്ഷകരുണ്ട്. വോട്ടുതേടി സ്ഥാനാർത്ഥിയുടെ മൊബൈൽ വഴി അയയ്ക്കുന്ന ഒരു സന്ദേശത്തിന് ഒരു രൂപ വീതം കണക്കിൽ പെടുത്താനും തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനമെടുത്തിട്ടുണ്ട്. പ്രചാരണത്തിനിടെ പ്രഭാത ഭക്ഷണം ഒരാൾക്ക് വാങ്ങി നൽകിയാൽ 50 രൂപയും ഉച്ചയൂണിന് 100 രൂപയും കണക്കിൽ വരും. ഹൈടെക് കാമറകൾ ഉപയോഗിച്ച് പ്രചാരണം 'ലൈവാ'ക്കിയാൽ ഒരു ദിവസം 12,000 രൂപയും ജിബ് കാമറയ്ക്കു 11,000 രൂപയും വാടക ഈടാക്കും. പ്രചാരണ ഗാനം ഇറക്കിയാലും ചെലവ് കൂടുതലാണ്. ഇതിന് പ്രൊഫഷണൽ താരങ്ങളെ കൊണ്ടുവന്നാൽ ദിവസം 12,000 രൂപ വരെ കണക്കിൽ വരും. മൈക്ക് സെറ്റ് വാടകയ്ക്ക് എടുത്താൽ ഒരു ദിവസം 1500 രൂപയും അനൗൺസർക്ക് ഒരു ദിവസത്തെ വേതനം 1000 രൂപയും ചെലവിൽ വരും. ചുവരെഴുത്തിന് ചതുരശ്ര അടിയ്ക്ക് 100 രൂപയും തുണി ബാനറിന് മീറ്ററിന് 100 രൂപയും തിട്ടപ്പെടുത്തും. തിരഞ്ഞെടുപ്പ് ഓഫീസുകൾക്ക് ചുമത്തുന്നത് 7000 രൂപയാണ്. പ്രവർത്തകർക്ക് മാസ്ക് നൽകിയാലും കണക്ക് കൃത്യമായിരിക്കണം. തുണി മാസ്ക്കിന് 20 രൂപയും എൻ 95 മാസ്കിന് 15 രൂപയുമാണ് ചെലവ്. മണ്ഡലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച പ്രചാരണ ബോർഡുകൾ തിരഞ്ഞെടുപ്പ് സ്ക്വാഡ് നീക്കം ചെയ്താലും സ്ഥാനാർത്ഥിയുടെ ചെലവിലേക്ക് പിഴത്തുക എത്തും. ഒരു നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിക്കു പരമാവധി ചെലവഴിക്കാവുന്ന തുക 30,80,000 രൂപയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് കൃത്യമായ കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകണം. ഇതിൽ വീഴ്ച വരുത്തിയാൽ കമ്മിഷൻ അയോഗ്യത കൽപ്പിക്കും.