പത്തനംതിട്ട: ശബരിമലയിലെ വിശ്വാസം കാത്ത് സൂക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് അടൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജി. കണ്ണൻ. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിക്കായി കാത്തിരിക്കുകയാണെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറും ശബരിമല വിഷയത്തിൽ എൽ.ഡി .എഫ് ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി പന്തളം പ്രതാപനും. പത്തനംതിട്ട പ്രസ് ക്ലബിന്റെ ജനവിധി 2021 സ്ഥാനാർത്ഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു മൂവരും.
സമഗ്ര വികസനം നടന്ന അഞ്ച് വർഷങ്ങൾ
മണ്ഡലത്തിൽ 4000 കോടിയുടെ വികസനം നടപ്പാക്കി. കഴിഞ്ഞ 5 വർഷം സമഗ്ര വികസനം ഉണ്ടായി. എല്ലാ മേഖലയിലും വികസനത്തിന്റെ പെരുമഴയായിരുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വികസന പദ്ധതികൾ നടപ്പാക്കി. അടൂർ ജനറൽ ആശുപത്രിയിൽ ട്രോമാകെയർ യൂണിറ്റ്, പി എച്ച് സികൾക്ക് പുതിയ കെട്ടിടങ്ങൾ , വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കി, ഹൈമാസ്റ്റ് ലൈറ്റ്, മുല്ലോട്ട് ഡാം നവീകരണം , അന്താരാഷ്ട്ര സ്റ്റേഡിയങ്ങൾ, അടൂർ ടൗണിൽ 2 ഇരട്ട പാലങ്ങൾ. വീടില്ലാത്തവർക്കുള്ള മൂന്ന് ഫ്ലാറ്റ് സമുച്ചയം. പറഞ്ഞാൽ ഒതുങ്ങാത്ത തരത്തിൽ നേട്ടങ്ങളേറെയാണ്. അടൂർ ഇ.വി സ്മാരകം സ്വകാര്യ ട്രസ്റ്റിന്റേതായതിനാൽ ഫണ്ട് അനുവദിക്കാൻ കഴിയില്ല. പന്തളം ബൈപാസ് ടെണ്ടറായി.
ചിറ്റയം ഗോപകുമാർ (എൽ.ഡി.എഫ്)
വികസനമില്ലാത്ത മണ്ഡലം
പന്തളത്ത് പിൽഗ്രീം ടൗൺഷിപ്പ് തുടങ്ങാനായിട്ടില്ല. അടൂർ ജനറൽ ആശുപത്രി ട്രോമാകെയർ സെന്റർ തുടങ്ങാനായില്ല. മാലിന്യകേന്ദ്രമായി പന്തളം മാറി. ഇ.വി സ്മാരകം കാടുകയറി കിടക്കുന്നു. ഗ്രാമീണ റോഡുകളിലെ യാത്ര ദുഷ്‌കരം. പന്തളം ബൈപാസ്, മിനി സിവിൽ സ്റ്റേഷൻ, ഫയർ സ്റ്റേഷൻ ഇതൊന്നും നടപ്പായില്ല . ആനയടി കൂടൽ റോഡ് സ്ഥലമെടുപ്പിന്റെ പണം പോലും നൽകിയിട്ടില്ല . പൊതുശ്മശാനം ഇല്ല. തൊഴിൽ സംരംഭങ്ങൾ ഇല്ല . കൊടുമണ്ണിൽ നെയ്ത്തുശാല പ്രവർത്തന രഹിതം. കോൺഗ്രസിലെ അപചയമാണ് പാർട്ടി വിടാൻ ഇടയാക്കിയത്. പട്ടിക ജാതിക്കാരോട് നേതാക്കൾക്ക് അവഗണന മാത്രമാണുള്ളത്.
പന്തളം പ്രതാപൻ ( എൻ.ഡി.എ )
വികസനം മുരടിച്ച മണ്ഡലം
വികസന മുരടിപ്പ് മാത്രമാണുള്ളത്. തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ കാലത്ത് നടപ്പായ വികസനങ്ങൾ അല്ലാതെ മറ്റൊന്നും ചൂണ്ടിക്കാണിക്കാനില്ല. പന്തളം, അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോകൾ ശോച്യാവസ്ഥയിലാണ്. പന്തളം ഫയർസ്റ്റേഷൻ, ബൈപാസ് ഇവയൊന്നും നടപ്പായില്ല. റോഡുകളുടെ അവസ്ഥയും പരിതാപകരമാണ്. കുടിവെള്ളമില്ല. അടൂർ, കടമ്പനാട് സ്റ്റേഡിയങ്ങൾ പ്രഖ്യാപനത്തിൽ ഒതുങ്ങി. പട്ടികജാതി കോളനികളിൽ അടിസ്ഥാന വികസനം ഇല്ല . ടൂറിസം പദ്ധതികൾക്ക് കോടികൾ അനുവദിച്ചെന്ന് പറച്ചിൽ മാത്രമേയുള്ളു. പട്ടികജാതിക്കാരനായ തനിക്ക് ഒരു അവഗണനയും പാർട്ടിയിൽ നിന്ന് ഉണ്ടായിട്ടില്ല. കിട്ടാവുന്ന സ്ഥാനങ്ങൾ എല്ലാം നേടിയ ശേഷം പ്രതാപൻ പാർട്ടി വിടുകയാണ് ചെയ്തത്.
എം.ജി.കണ്ണൻ (യു .ഡി. എഫ് )