അടൂർ: നാമനിർദ്ദേശ പ്രതിക സമർപ്പണം പൂർത്തിയാക്കിയതോടെ ഇക്കുറി ശക്തമായ ത്രികോണ മത്സരത്തിന് വേദിയാവുകയാണ് അടൂർ അസംബ്ളി മണ്ഡലം. ഹാട്രിക് വിജയത്തിനായി ചിറ്റയം ഗോപകുമാർ പടപ്പുറപ്പാടിന് ഇറങ്ങി തിരിച്ചപ്പോൾ ആ യാഗാശ്വത്തെ പടിച്ചുകെട്ടുമെന്ന നിലപാടിലുറച്ചാണ് ഇക്കുറി യു.ഡി.എഫ് എം.ജി കണ്ണനെന്ന യുവസാരഥിയെയാണ് പടക്കളത്തിലിറക്കിയത്. അതേ സമയം കഴിഞ്ഞ പാലമെന്റ് തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ എൻ.ഡി.എ അശ്വമേധം നയിക്കാൻ കോൺഗ്രസിന്റെ ജില്ലയിലെ പ്രമുഖനായ പന്തളം പ്രതാപൻ ചതുരംഗപ്പലകിലൂടെ ബി.ജെ.പിയിലെത്തിയപ്പോൾ പതിവിൽ കവിഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഒന്നാമൻ ആര്....? മൂന്ന് മുന്നണികളു പടക്കളത്തിൽ

കഴിഞ്ഞ പത്ത് വർഷത്തിൽ മണ്ഡലത്തിൽ നടത്തിയ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തങ്ങളാണ് വീണ്ടും ജനവിധി തേടുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ തുറുപ്പ്ചീട്ട്. ഒപ്പം കഴിഞ്ഞ പത്ത് വർഷം മണ്ഡലത്തിൽ നിറസാന്നിദ്ധ്യമായതുവഴി ജനങ്ങൾക്കിടയിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉണ്ടാക്കിയെടുത്ത വ്യക്തിപ്രഭാവവും എൽ.ഡി.എഫ് പ്രതീക്ഷയ്ക്ക് ഏറെ വകനൽകുന്നു. 20 വർഷം തുടർച്ചയായി യു.ഡി.എഫ് പക്ഷത്തായിരുന്ന അടൂർ മണ്ഡലത്തിൽ പത്ത് വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം എങ്ങനെയും തിരിച്ചുവരവിനായാണ് എം. ജി കണ്ണനിലൂടെ യു.ഡി.എഫ് ലക്ഷ്യമിടുന്നത്. പ്രഖ്യാപനങ്ങൾ മാത്രമല്ലാതെ വികസനത്തിൽ അടൂരിന് ഏറെ മുന്നാക്കം പോകാനിയില്ലെന്നതാണ് യു.ഡി.എഫ് നിരത്തുന്ന വാദം. പതിവിൽ കവിഞ്ഞ ആത്മവിശ്വാസമാണ് ഇക്കുറി യു.ഡി.എഫ് കേന്ദ്രങ്ങളിൽ പ്രകടമാകുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽത്തന്നെ ഒരു വിഭാഗത്തിന് അസ്വാരസ്യം ഉടലടെുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് നിയോജക മണ്ഡലം കൺവെൻഷനിൽ പലരുടേയും അസാന്നിദ്ധ്യം ഇക്കാര്യത്തിൽ പ്രകടമാവുകയും ചെയ്തു. ഇത് പഴയ കോൺഗ്രസ് പ്രവർത്തകനായ ഇപ്പോഴത്തെ എൻ. ഡി.എ സ്ഥാനാർത്ഥി പന്തളം പ്രതാപന്റെ വോട്ട്പെട്ടയിൽ കൂടുതൽ വോട്ടുകൾ കൊണ്ടുചെന്നെത്തിക്കുമെന്ന വിലയിരുത്താണ് എൽ.ഡി.എ നേതൃത്വത്തിനുമുള്ളത്. അത്രകണ്ട് സജീവമായ പ്രവർത്തനമാണ് എൽ.ഡി.എഫിനൊപ്പം ബി.ജെ.പിയും പയറ്റുന്നത്. ചടുലമായ പ്രവർത്തനങ്ങളിലൂടെ എൻ.ഡി.എ ഇക്കുറി ഏറെ മുന്നാക്കം ഉണ്ടാക്കുമെന്നത് ആർക്കാണ് വിനയായകുക എന്നതാണ് പ്രധാന ചോദ്യം. ഒന്നാമനായുള്ള മത്സരത്തിൽ മൂന്ന് മുന്നണികളും പടക്കളത്തിലറങ്ങിയതോടെ വരും ദിവസങ്ങളിൽ അടൂരിന്റെ പോർക്കളിൽ മത്സരം തീപാറും.