photo
മാവനാലിൽ കുടുംബശ്രീ പ്രവർത്തകരോട് വോട്ട് അഭ്യർത്ഥിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്റർ

അമ്മമാരുടെ അനുഗ്രഹം നേടി ജനീഷ് കുമാർ

വള്ളിക്കോട് പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളായ അമ്മമാരുടെ അനുഗ്രഹത്തോടെയാണ് ജനീഷ് കുമാർ കഴിഞ്ഞ ദിവസത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്. കൊച്ചാലുമൂട്ടിൽ വോട്ട് തേടി എത്തിയ ജനീഷ് കുമാറിനെ സ്‌നേഹത്തോടെയാണ് തൊഴിലാളികൾ വരവേ​റ്റത്. സ്ഥാനാർത്ഥിയെ കണ്ടയുടൻ ജോലിക്ക് വിശ്രമം നൽകി അവർ ജനീഷ് കുമാറിനൊപ്പമെത്തി. പ്രായമായ അമ്മമാർ ഉൾപ്പെടെ നിറപുഞ്ചിരിയോടെയാണ് സ്വീകരിച്ചത്. സമീപത്തുണ്ടായിരുന്ന കുട്ടികളോടും അമ്മമാരോടും വിശേഷങ്ങൾ പങ്കുവെച്ച സ്ഥാനാർത്ഥി വോട്ടു ചോദിക്കുകയും ചെയ്തു. തുടർന്ന് ചെമ്പകപ്പാലത്തെ തൊഴിലുറപ്പ് തൊഴിലാളികളെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. അവർക്കൊപ്പം നിന്ന് സെൽഫിയെടുത്താണ് ജനീഷ് കുമാർ മടങ്ങിയത്. തുടർന്ന് ഞക്കുനിലത്തെത്തിയ സ്ഥാനാർത്ഥി സമീപത്തെ കടകളിലും വീടുകളിലുമെത്തി വോട്ട് തേടി. തുടർന്ന് വള്ളിക്കോട് ജംഗ്ഷനിലും വ്യാപാര സ്ഥാപനങ്ങളിലും സന്ദർശനം നടത്തി. വായനശാല ജംഗ്ഷനിൽ എത്തിയപ്പോൾ മീനച്ചൂടിന്റെ കാഠിന്യമക​റ്റാൻ കടയിൽ കയറി നാരങ്ങാ വെള്ളം കുടിച്ചുകൊണ്ടായിരുന്നു പര്യടനം തുടർന്നത്. കടയുടമ ശാന്തമ്മയമ്മയോട് വോട്ടഭ്യർത്ഥിക്കാനും സ്ഥാനാർത്ഥി മറന്നില്ല.

കുടുംബശ്രീക്കാരോട് കുശലം പറഞ്ഞ് റോബിൻ പീറ്റർ

മാവനാൽ ഭാഗത്താണ് കുടുംബശ്രീ പ്രവർത്തകരെ കണ്ട് വോട്ട് അഭ്യർത്ഥിക്കാൻ റോബിൻ പീറ്റർ എത്തിയത്. തങ്ങളുടെ പഴയ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ നിറഞ്ഞ മനസോടെയും ആഹ്ളാദത്തോടെയുമാണ് അവർ വരവേറ്റത്. പരിചിതനായ സ്ഥാനാർത്ഥിയോട് അവർ കുശലം പറഞ്ഞു. അപ്രതീക്ഷിതമായി എത്തിയതിനാൽ സ്വീകരിക്കാനായി ബൊക്കയും മാലയും ഷാളും ഒന്നും അവർ കരുതിയില്ലെന്ന് പ്രവർത്തകർ സങ്കടം അറിയിച്ചപ്പോൾ പിന്തുണയും പ്രാർത്ഥനയും മതിയെന്നായിരുന്നു സ്ഥാനാർത്ഥിയുടെ മറുപടി. കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് റോബിൻ പീറ്റർ നൽകിയ സഹായങ്ങൾ പലരും പറഞ്ഞു. പ്രമാടം പഞ്ചായത്തിൽ വീടില്ലാത്ത ഒരാൾക്ക് വീടു നിർമിച്ചു നൽകാൻ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം നിന്ന് മണ്ണും കട്ടയും ചുമന്നതിനെക്കുറിച്ച് ഒാർമ്മിച്ചു.

യു.ഡി.എഫിന്റെ കോന്നി നിയോജക മണ്ഡലം വനിതാ സംഗമം എ.ഐ.സി.സി.ജനറൽ സെക്രട്ടറി ഐവാൻ ഡിസൂസ ഉദ്ഘാടനം ചെയ്തു. ദീനാമ്മ റോയി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി ദീപ്തി മേരി വർഗീസ്, അടൂർ പ്രകാശ് എം.പി., ഡി.സി.സി.പ്രസിഡന്റ് ബാബു ജോർജ്ജ്, മാത്യു കുളത്തുങ്കൽ , സുലേഖ വി.നായർ, എലിസബത്ത് അബു, എസ്.സന്തോഷ് കുമാർ , എം.വി.അമ്പിളി, പ്രസീത രഘു, ശോഭന സദാനന്ദൻ, ലീല രാജൻ, ഡി.കെ.ബ്രിജേഷ്, അനിൽ തോമസ് ബിനിലാൽ എന്നിവർ പ്രസംഗിച്ചു.

റോബിൻ പീറ്ററിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ ചിറ്റാറിൽ എത്തും.

കെ.സുരേന്ദ്രൻ നാളെ എത്തും

കോന്നിക്ക് പുറമേ മഞ്ചേശ്വരത്തും മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് നിന്ന് നാളെ കോന്നിയിൽ മടങ്ങിയെത്തുന്നതോടെ കുടുംബസംഗമങ്ങളും കൺവെൻഷനുകളും വേഗത്തിൽ പൂർത്തിയാക്കും. ഇരുമുന്നണികളുടെയും ഇരട്ടത്താപ്പും ശബരിമല വിഷയവും ആചാര സംരക്ഷണവും ഉൾപ്പെടെയാണ് എൻ.ഡി.എയുടെ പ്രചാരണ ആയുധം. ദേശീയ, സംസ്ഥാന നേതാക്കൾ വരും ദിവസങ്ങളിൽ കോന്നിയിൽ എത്തും