20-thottam-thozhilali
എസ്റ്റേറ്റിലെ തൊഴിലുറപ്പ് പണിക്കാരായ തമിഴ് വംശജരായ വനിതകൾ

മലയാലപ്പുഴ : കോന്നിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കുമ്പഴത്തോട്ടം നിറഞ്ഞുനിൽക്കുകയാണ്. ഹാരിസൺ മലയാളം പ്ലാന്റെഷന്റെ കുമ്പഴത്തോട്ടത്തിലെ കുറുമ്പറ്റി ഡിവിഷിനിലെ ഫുട്ബോൾ ഗ്രൗണ്ടിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പറന്നിറങ്ങുന്നത്. ഹെലികോപ്ടറിലെത്തി 8 കിലോമീറ്റർ ദൂരെയുള്ള കോന്നിയിലേക്കും കാർ മാർഗം സ്ഥാനാർത്ഥി പാഞ്ഞുപോകുന്നത് പതിവ് കാഴ്ചയാകുമ്പോൾ ഇവിടെ രാഷ്ട്രീയം പറയുന്നതിൽ വീട്ടമ്മമാരും പിന്നിലല്ല. അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡിലെ ചെറത്തിട്ട ജംഗ്ഷനിൽ നിന്ന് കുറുമ്പറ്റി ഡിവിഷനിലേക്ക് പോകുന്ന വഴിയരികിൽ എസ്റ്റേറ്റിലെ തമിഴ് വംശജരായ വനിതകൾ തൊഴിലുറപ്പ് പണിയുടെ തിരക്കിലാണ്. എങ്കിലും രാഷ്ട്രീയക്കാർക്ക് മുമ്പിൽ നിരത്താൻ പരാതികളേറെയുണ്ട് ഇവരുടെ പക്കൽ.

സ്വന്തംനാട്ടിൽ സ്ഥലമോ, വീടോ ഇല്ലാത്ത ഇവർ ലയങ്ങളിലാണ് താമസം. കൃഷി ചെയ്യാൻ പോലും ഭൂമിയില്ല. ഉള്ള സ്ഥലത്ത് ആട്, കോഴി, പട്ടി, പൂച്ച, കന്നുകാലികൾ എന്നിവ മനുഷ്യരോടൊപ്പം കെട്ടുപാടുകളില്ലാതെ ജീവിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് വനം വെട്ടി തെളിച്ച് റബ്ബറും തേയിലയും കൃഷി ചെയ്യാൻ തമിഴ്നാട്ടിൽ നിന്ന് എത്തിയവരുടെ പൂർവികരാണ് ഇവർ. പലരും ഇവിടെ ജനിച്ച വളർന്നതിനാൽ തമിഴ് കലർന്ന മലയാളത്തിലാണ് സംസാരം.

100 വർഷങ്ങൾക്ക് മുൻപ് പണിത തൊഴിലാളിലയങ്ങൾ പൊട്ടിപൊളിഞ്ഞ് അറ്റകുറ്റപണികൾ നടത്താതെ കിടക്കുകയാണ് : - ചിന്നത്തായി പറഞ്ഞു.

ദുരിതപൂർണ്ണമായ ജീവിതത്തെ പറ്റി മാത്രമാണ് വോട്ടുതേടി വരുന്ന സ്ഥാനാർത്ഥികളോട് പറയാനുള്ളതെന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് നാട്ടിൻപുറങ്ങളിൽ അടിസ്ഥാന വികസനങ്ങൾ എത്തിയിട്ടും തോട്ടം തൊഴിലാളികളുടെ ജീവിതം ഇന്നും ദുരിതത്തിലാണ്. മഴക്കാലത്ത് ലയങ്ങൾ ചോർന്നൊലിക്കും. പല ലയങ്ങളുടെയും കതകുകളും ജനലുകളും ജീർണ്ണിച്ച് പൊളിഞ്ഞുപോയി. ഇവിടെയാണ് കൊച്ചു കുട്ടികളുമായി കുടുംബങ്ങൾ താമസിക്കുന്നത്. തമിഴ് വംശജരായ രുഗ്മിണി, ലക്ഷ്മി, ഷൺമുഖ വടിവ് , ഏശമ്മ, സംഗീത, റഷീദ എന്നിവർക്കെല്ലാം ഒരേ പല്ലവി തന്നെ. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലുൾപ്പെട്ട കുമ്പഴത്തോട്ടത്തിൽ 707 തമിഴ് വോട്ടർമാരാണുള്ളത്.