
വോട്ടു മറിക്കലിന്റെ കോലീബി സഖ്യം 'ഡീൽ ഒാർ നോ ഡീൽ' എന്ന പുതിയ രൂപത്തിലേക്ക് മാറിയതാണ് ഇൗ തിരഞ്ഞെടുപ്പിലെ ഒരു പ്രധാന ചർച്ച. കോലീബി സഖ്യത്തിന്റെ പരീക്ഷണം വടകര, ബേപ്പൂർ മണ്ഡലങ്ങളിലായിരുന്നെങ്കിൽ ഡീൽ കോന്നി, ആറൻമുള, ചെങ്ങന്നൂർ മണ്ഡലങ്ങളിലെന്നാണ് ആർ. എസ്.എസ് സൈദ്ധാന്തികൻ എന്ന പേരിൽ രംഗപ്രവേശം ചെയ്ത ഒാർഗനൈസർ മുൻ പത്രാധിപർ ആർ. ബാലശങ്കർ വെളിപ്പെടുത്തിയത്. കോലീബി സഖ്യത്തിന്റെ ഭാഗമായി വടകരയിലും ബേപ്പൂരും കോൺഗ്രസ്, ലീഗ്, ബി.ജെ.പി സഖ്യം പൊതുസ്ഥാനാർത്ഥിയെ നിറുത്തിയെന്നത് നേരാണ്. പാളിപ്പോയ ഇൗ പരീക്ഷണം പിന്നീട് ആവർത്തിച്ചിട്ടില്ല. എന്നാലും യു.ഡി.എഫും ബി.ജെ.പിയും പരസ്പരം വോട്ടുമറിക്കുന്നു എന്ന് ആരോപിക്കാൻ ഇടതുപക്ഷത്തിന് കോലീബി പരീക്ഷണം മതിയാവോളമുണ്ട്. എല്ലാ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് - ബി.ജെ.പി ബന്ധം ഇടതുപക്ഷം പ്രചരണായുധമാക്കുന്നു. ബി.ജെ.പി നേതാക്കൾ പരസ്യമായി സമ്മതിച്ചിട്ടുള്ള കോലീബി സഖ്യത്തിന്റെ മാതൃകയിൽ പൊതുസ്ഥാനാർത്ഥികളില്ലെങ്കിലും, ഇത്തവണ സി.പി.എമ്മും ബി.ജെ.പിയുമായി ഡീൽ ഉണ്ടെന്ന് തന്നെയാണ് ബാലശങ്കർജി പറയുന്നത്. ആറന്മുളയിലും ചെങ്ങന്നൂരിലും ബി.ജെ.പിയുടെ വിജയസാദ്ധ്യതയുള്ള എ ക്ളാസ് മണ്ഡലങ്ങളായിട്ടും എന്തുകൊണ്ട് ശക്തരായ സ്ഥാനാർത്ഥികളില്ലെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ബാലശങ്കറിനോ അദ്ദേഹത്തിന്റെ ആരോപണം ഏറ്റുപിടിക്കുന്ന യു.ഡി.എഫിനോ ആറന്മുളയിലേക്കും ചെങ്ങന്നൂരിലേക്കും ശക്തരായ സ്ഥാനാർത്ഥികളെ വിട്ടുകൊടുക്കാൻ കഴിഞ്ഞോ?. ബി.ജെ.പിയുടെ ചെറുതും വലുതുമായ നേതാക്കളെല്ലാം ഇത്തവണ മത്സരക്കളത്തിലുണ്ട്. ശക്തരായ സ്ഥാനാർത്ഥികൾ ഇല്ലാഞ്ഞിട്ടാകണം കോന്നിയിലും മഞ്ചേശ്വരത്തും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് തന്നെ മത്സരിക്കേണ്ടി വന്നത്. എ ക്ളാസ് മണ്ഡലങ്ങളിലൊന്നായ അടൂരിൽ ബി.ജെ.പിക്ക് ഒരു സ്ഥാനാർത്ഥിയെ കോൺഗ്രസിൽ നിന്ന് എടുക്കേണ്ടി വന്നു. കെ.പി.സി.സി സെക്രട്ടറിയായിരുന്ന, മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പന്തളം സുധാകരന്റെ സഹോദരൻ പന്തളം പ്രതാപനാണ് അവിടെ ബി.ജെ.പി സ്ഥാനാർത്ഥി. ചെങ്ങന്നൂരിലേക്ക് പരിഗണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ടായിരുന്ന ബാലശങ്കറിന് ഒടുവിൽ സീറ്റ് കിട്ടാതെ വന്നതിന്റെ നൈരാശ്യത്തിൽ നിന്നുണ്ടായ വെളിപ്പെടുത്തലാണ് ഡീൽ എന്ന് ബി.ജെ.പി അല്ലാത്തവർക്കും അറിയാം. ചെങ്ങന്നൂർ തനിക്കു നൽകാമെന്ന് ആർ.എസ്.എസ്, ബി.ജെ.പി നേതൃത്വം ഉറപ്പു നൽകിയതായി അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രമുഖരില്ലാതെ ബി.ജെ.പി
ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെല്ലാം ഇത്തവണ മത്സരരംഗത്തുണ്ട്. ആറന്മുളയിലും ചെങ്ങന്നൂരിലും ജനപ്രിയർ സ്ഥാനാർത്ഥികളാകാത്തത് ഫലം വരുമ്പോൾ ബി.ജെ.പിയെ ക്ഷീണിപ്പിച്ചേക്കും. 2016ൽ എം.ടി രമേശ് 38000 വോട്ടുകൾ നേടിയ ആറന്മുളയിൽ ഇക്കുറി ഇറങ്ങിയ സ്ഥാനാർത്ഥി ബിജുമാത്യുവിന്റെ പേര് ഇതിന് മുൻപ് രാഷ്ട്രീയ രംഗത്ത് കേട്ടിട്ടില്ല.
ഒാർത്തഡോക്സ് വിഭാഗത്തിൽ നിന്ന് ഒരാളെ സ്ഥാനാർത്ഥിയാക്കിയതുകൊണ്ട് ആ വിഭാഗത്തിന്റെ വോട്ടുനേടി വിജയിക്കാമെന്ന ബി.ജെ.പി കണക്കുകൂട്ടലുകൾ പിഴക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ഇപ്പോഴത്തെ വിലയിരുത്തൽ. പൈതൃകനാടായ ആറന്മുളയിൽ ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തിലൂടെയാണ് ബി.ജെ.പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ മുന്നേറ്റമുണ്ടാക്കാനായത്. ഇത്തവണ ആ വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥി ശിവദാസൻ നായർക്ക് ലഭിക്കാൻ സാദ്ധ്യതയേറെയാണ്. ബി.ജെ.പി ഒാർത്തഡോക്സ് വിഭാഗക്കാരനെ രംഗത്തിറക്കിയത് ഫലത്തിൽ ദോഷം ചെയ്യുക എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാജോർജിനായിരിക്കും. 2016ലേതു പോലെ ഒാർത്തഡോക്സ് സഭ ഒന്നടങ്കം വീണയെ ഇത്തവണ പിന്തുണയ്ക്കുമെന്ന് ഉറപ്പിക്കാനാവില്ല. സഭാ തർക്കത്തിൽ സർക്കാരുമായി ഇടഞ്ഞു നിൽക്കുകയാണ് ഒാർത്തഡോക്സ് വിഭാഗം. തിരുവനന്തപുരം കഴിഞ്ഞാൽ ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള രണ്ടാമത്തെ ജില്ലയാണ് പത്തനംതിട്ട. പക്ഷേ, അവിടെ കോന്നിയിൽ കെ.സുരേന്ദ്രനും റാന്നിയിൽ കെ.പത്മകുമാറും മാത്രമാണ് ജനസ്വാധീനമുള്ള എൻ.ഡി. എ സ്ഥാനാർത്ഥികൾ. ആറന്മുളയിലും അടൂരിലും തിരുവല്ലയിലും മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കാൻ കഴിഞ്ഞില്ല. അത് സി.പി.എമ്മുമായി ഡീൽ ഉള്ളതുകൊണ്ടല്ല, മറിച്ച് മത്സരിക്കാൻ ശക്തൻമാരില്ലാത്തതു കൊണ്ടാണ്. ചെങ്ങന്നൂരിലും ഇതു തന്നെയാണ് സ്ഥിതിയെന്നു പറയാം. ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എയിലെ പി.എസ്. ശ്രീധരൻപിള്ള 42000വോട്ടുകൾ നേടിയ മണ്ഡലത്തിൽ ഇക്കുറി മത്സരിപ്പിക്കാൻ ജനസ്വാധീനമുള്ള നേതാവില്ലാതെ പോയി. തനിക്കു ചെങ്ങന്നൂർ പറഞ്ഞു വച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയ ബാലശങ്കറിന്റെ കുടുംബ വേരുകൾ ചെങ്ങന്നൂർ ആണെങ്കിലും പ്രവർത്തന മണ്ഡലം ദീർഘവർഷങ്ങളായി ഡൽഹിയിലാണ്.
അത് വിശ്വസിക്കാനാവില്ല
ആശയങ്ങൾ കൊണ്ടും ശാരീരികമായും ഏറ്റുമുട്ടുന്ന രണ്ടു പാർട്ടികളായ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഡീൽ എന്നത് ആ പാർട്ടികളിലെ അണികൾക്ക് പോലും വിശ്വാസയോഗ്യമല്ല. തങ്ങളുടെ ചോരയും നീരും കൊടുത്ത് വളർത്തിയതെന്നാണ് ഇൗ പാർട്ടികളെപ്പറ്റി അണികൾ പറയാറുളളത്. അതുകൊണ്ട് ആറന്മുളയിലും ചെങ്ങന്നൂരിലും ബി.ജെ.പി വോട്ടുകൾ മറിഞ്ഞാൽ അത് യു.ഡി.എഫിന്റെ പെട്ടിയാകും നിറയ്ക്കുക. ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന എൽ.ഡി.എഫ് ആറന്മുളയും ചെങ്ങന്നൂരും നിലനിറുത്താൻ കോന്നി ബി.ജെ.പിക്ക് വിട്ടുകൊടുക്കുമെന്ന് വിശ്വസിക്കാനാകുമോ?. മൂന്നും സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റുകളാണന്ന പ്രത്യേകതയുമുണ്ട്.
ഏതായാലും കോലീബി സഖ്യം ഇടതുപക്ഷം ആയുധമാക്കിയ പോലെ ഡീൽ എന്ന വാൾ യു.ഡി.എഫ് എടുത്തു പയറ്റുകയാണ്. ബി.ജെ.പിയുമായി തങ്ങൾ ഒത്തുതീർപ്പിലാണെന്ന ഇടത് ആരോപണങ്ങൾ ചെറുക്കാൻ ഇതുകൊണ്ട് കഴിഞ്ഞേക്കും.