ചെങ്ങന്നൂർ: നഗരത്തിൽ വോട്ടു തേടി സജി ചെറിയാൻ എത്തി. ചെങ്ങന്നൂർ നഗര നിവാസികളുടെയും വ്യാപാരി സുഹൃത്തുക്കളുടെയും പിന്തുണ തേടിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ എത്തിയത്. നാൽപ്പതു വർഷം നീളുന്ന പൊതു ജീവിതത്തിൽ ചെങ്ങന്നൂർ നഗരവുമായി ബന്ധം തെളിയിക്കുന്നതായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം. പുത്തൽകാവിലും അങ്ങാടിക്കലും ഗൃഹ സന്ദർശനത്തിന് ശേഷമാണ് ആൽത്തറ ജംഗ്ഷൻ മുതൽ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി എം.എൽ.എ ഫണ്ട് ചെലവഴിച്ച് ട്രാഫിക്ക് സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിച്ചതും സുരക്ഷാ കോറിഡോർ പദ്ധതിയിൽ ഉൾപ്പെടുത്തി നഗര സൗന്ദര്യവത്കരണം യാഥാർത്ഥ്യമാക്കിയതും തിരഞ്ഞെടുപ്പിൽ ഓർക്കുമെന്ന് വ്യാപാരി സംഘടനാ നേതാക്കൾ സജി ചെറിയാനെ അറിയിച്ചു. ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭനാ ജോർജ്ജ്, എൽ.ഡി.എഫ് നേതാക്കളായ എം.കെ മനോജ്, പി.ആർ പ്രദീപ് കുമാർ, ജയിംസ് ശമുവേൽ, വി.വി അജയൻ, ജോസ് പുതുവന, കെ.പി മുരുകേശ്, മോഹൻ കൊട്ടാരത്തു പറമ്പിൽ, വി.ജി അജീഷ്, എം.ജെ സണ്ണി, രാജു പറങ്കാമൂട്ടിൽ, നഗരസഭാ കൗൺസിലർമാരായ വി.എസ് സവിത, ലതിക രഘു, വി.വിജി എന്നിവരും സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് പുത്തൻകാവിലും അങ്ങാടിക്കലും ഗൃഹ സന്ദർശനം നടത്തി. രാവിലെ മുളക്കുഴ, വെണ്മണി, ചെറിയനാട്, പുലിയൂർ പഞ്ചായത്തുകളിൽ സ്ഥാനാർത്ഥി ഭവനസന്ദർശനം നടത്തിയ ശേഷം ചെന്നിത്തല പഞ്ചായത്തിലെ എൽ.ഡി.എഫ് പ്രവർത്തകയോഗത്തിലും തുടർന്ന് ബൂത്ത് കൺവെൻഷനുകളിലും സ്ഥാനാർത്ഥി പങ്കെടുത്തിരുന്നു.