thod
പെരിങ്ങര ഇരട്ടപാലത്തിന് സമീപത്ത് നിന്നും തോടിന്റെ നവീകരണം തുടങ്ങിയപ്പോൾ

തിരുവല്ല: കാക്കപോളയും പായലും തിങ്ങിനിറഞ്ഞു നീരൊഴുക്ക് നിലച്ച പെരിങ്ങര - കണ്ണാട്ടുകുഴി തോടിന്റെ നവീകരണം ആരംഭിച്ചു. ഹരിത കേരളം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ചാണ് തോട് നവീകരിക്കുന്നത്. നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന ചെളിയും എക്കലും ഉൾപ്പെടെ നീക്കംചെയ്ത് തോടിന്റെ ആഴം കൂട്ടുന്ന പണികളാണ് ജെ.സി.ബിയുടെ സഹായത്തോടെ തുടങ്ങിയത്. 2018ലെ പ്രളയത്തിൽ ഒഴുകിയെത്തിയ എക്കലും മറ്റും തോടുകളിൽ അടിഞ്ഞു കൂടിയതിനാൽ ജലത്തിന്റെ സുഗമമായ ഒഴുക്ക് തടസപ്പെട്ട് പലയിടത്തും തുരുത്തുകൾ രൂപപ്പെട്ടിരുന്നു. കൂടാതെ പലയിടത്തും തോട്ടിലേക്ക് മുളയും മറ്റും മറിഞ്ഞു വീണു കിടക്കുന്നതിനാൽ വള്ളത്തിന് പോലും കടന്നുപോകാൻ ബുദ്ധിമുട്ടാണ്. മത്സ്യബന്ധനത്തിനായി സ്ഥാപിച്ച പെരുംകൂടുകളും തോട്ടിലെ നീരൊഴുക്ക് തടസപ്പെടുത്തുന്നതായി പരാതി വ്യാപകമാണ്.

എക്കൽ നീക്കും, സംരക്ഷണ ഭിത്തി നിർമിക്കും

തോട്ടിൽ 50 സെന്റിമീറ്റർ ആഴത്തിൽ എക്കൽ നീക്കും. തിട്ടയിടിയാൻ സാദ്ധ്യതയുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും ഇതോടൊപ്പം നിർമ്മിക്കും. പെരിങ്ങര പി.എം.വി.ഹൈസ്‌കൂൾ വളപ്പിൽ ആരംഭിച്ച പച്ചത്തുരുത്തിൽ നിന്നും തോട്ടിലേക്ക് ഇറങ്ങുന്നതിനുളള കൽപ്പടവുകളുടെ നിർമാണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പെരിങ്ങര പാലം മുതൽ കണ്ണാട്ടുകുഴി പാലം വരെയുള്ള മൂന്ന് കിലോമീറ്ററോളം ദൂരത്തിലാണ് തോടിന്റെ നവീകരണം നടക്കുന്നത്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് പണികൾ നടത്തുന്നത്. ഏപ്രിലിൽ ജോലികൾ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

-20 ലക്ഷം രൂപ ചെലവഴിച്ച് നവീകരണം