padma
റാന്നിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.പത്മകുമാർ ഭാര്യ സുപ്രിയ മേൽനോട്ടം വഹിക്കുന്ന സാനിറ്റൈസർ നിർമ്മാണ സ്റ്റോറിൽ. മകൻ നന്ദു പത്മകുമാർ സമീപം

പത്തനംതിട്ട : 26 വർഷം മുമ്പ് വിവാഹം, പൊതുപ്രവർത്തകൻ ആയിരുന്നെന്ന് അറിയാമായിരുന്നു. തുടക്കകാലത്ത് ബുദ്ധിമുട്ടിയെങ്കിലും പുറത്തിറങ്ങുമ്പോൾ എല്ലാവരുടെയും സ്നേഹവും ബഹുമാനവും. കാര്യങ്ങൾ മനസിലായതോടെ ഈ തിരക്കുകൾ ഇഷ്ടപ്പെട്ടു തുടങ്ങിയെന്ന് റാന്നി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.പദ്മകുമാറിന്റെ ഭാര്യ സുപ്രിയ പറയുന്നു. കെ. പദ്മകുമാറിന്റെ ഒരുദിനം രാവിലെ 5ന് ആരംഭിക്കും. രാവിലെ എട്ടിന് പ്രഭാത ഭക്ഷണം. അപ്പോഴേക്കും പ്രവർത്തകർ വീട്ടിലെത്തിയിട്ടുണ്ടാകും. രാവിലെ ആവി പറക്കുന്ന പുഴുക്ക് ആണ് ഇഷ്ട ഭക്ഷണം. തിരഞ്ഞെടുപ്പിന്റെ തിരക്കിലാണെങ്കിലും ഭക്ഷണം വീട്ടിൽ തന്നെ. സമ്മർദ്ദം ഏറെയായതിനാൽ വീട്ടിലെ കാര്യങ്ങൾ ഞാൻ ഏറ്റെടുക്കും. സൂഷ്മതയോടും ഉത്തരവാദിത്വത്തോടും കാര്യങ്ങൾ ചെയ്യും. ഏത് കാര്യത്തിൽ ഇടപെട്ടാലും ഭംഗിയായി ചെയ്യണമെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്.

ഐ.ടി.ഡി.സി ഡയറക്ടർ, കെപ്കോ ചെയർമാൻ, എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് തുടങ്ങി പൊതുരംഗത്ത് സജീവമായതിനാൽ വീട്ടുകാര്യങ്ങൾ ഞാൻ തന്നെ നോക്കും :- സുപ്രിയ വാചാലയാകുകയാണ്. പരമാവധി അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാറില്ല. എനിക്ക് പറ്റുന്നില്ലെങ്കിൽ അപ്പോൾ തന്നെ വിളിച്ചു പറയും. ഉടനെ തന്നെ ഇടപെടുകയും ചെയ്യും. ബന്ധങ്ങൾക്കും വ്യക്തികൾക്കും പ്രാധാന്യം നൽകുന്നയാളാണ് അദ്ദേഹം. ഉച്ചഭക്ഷണം കഴിവതും വീട്ടിൽ തന്നെയാണ്. ചിലപ്പോൾ വൈകിട്ട് മൂന്നും നാലും ഒക്കെയാകും ഉച്ചഭക്ഷണം കഴിക്കുമ്പോൾ. നല്ല മകനും ഭർത്താവും അച്ഛനും ആണ്. എത്ര തിരക്കുണ്ടെങ്കിലും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നുണ്ടാകും.

സസ്യാഹാരങ്ങളോടാണ് താൽപര്യം. നത്തോലി പോലുള്ള ചെറിയമീനുകൾ ഇഷ്ടമാണ്.

കഴിഞ്ഞ തവണയേക്കാൾ വലിയ സ്വീകാര്യതയുണ്ട് ഇത്തവണ. അത് കൊണ്ട് തന്നെ വിജയ പ്രതീക്ഷ നൂറ് ശതമാനമാണ്. ഇത്തവണ വീട് സന്ദർശിക്കുമ്പോൾ എല്ലാവർക്കും പറയാതെ തന്നെ അറിയാം, അത് വളരെ സന്തോഷം നൽകുന്ന ഒന്നാണെന്നും സുപ്രിയ പറയുന്നു.

കഴിഞ്ഞ തവണ മത്സരിക്കുമ്പോൾ തികച്ചും പുതുമുഖമായിരുന്നു.

കൂടുതൽ ജനപിന്തുണയോടെ

കോളേജ് കാലഘട്ടത്തിന് ശേഷം ഇത്ര വലിയൊരു മത്സരം ആദ്യമാണെന്നും കൂടുതൽ പിന്തുണ ഇന്ന് റാന്നിയിൽ എൻ.ഡി.എയ്ക്ക് ഉണ്ടെന്നും കെ. പദ്മകുമാർ പറയുന്നു.

പല പഞ്ചായത്തുകളിലും മുഖ്യപ്രതിപക്ഷം എൻ.ഡി.എയായി മാറിയിട്ടുണ്ട്. 2016 ന് ശേഷമാണ് ശബരിമല സംഭവ വികാസങ്ങൾ ഉണ്ടാകുന്നത്. വൈകാരികമായ ബന്ധം കൂടിയുള്ള നിയോജകമണ്ഡലമാണ് റാന്നി . ഭക്ത ജനങ്ങളുടെ ഹൃദയ വേദന ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്കുകൾ വച്ച് നോക്കിയാൽ കുറച്ച് വോട്ടുകൾ കൂടി ലഭിച്ചാൽ ജയിക്കാനുള്ള സാദ്ധ്യതയുണ്ട്.

പന്ത്രണ്ട് പഞ്ചായത്തിലും പേരെടുത്ത് വിളിക്കാവുന്ന ആളുകളുണ്ട്.

റാന്നിയിൽ നല്ല ഒരു ആശുപത്രിയില്ല. മെഡിക്കൽ കോളേജ് വേണമെന്ന് അവിടത്തെ ജനങ്ങൾക്കുണ്ട്. ഒരു പ്രൊപ്പോസൽ പോലും വയ്ക്കാൻ 25 വർഷം കൊണ്ട് നിലവിലെ എം.എൽ.എയ്ക്ക് സാധിച്ചില്ല. ഒരു പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്ത മണ്ഡലമാണ് . പഠിക്കാൻ പുറത്ത് പോകേണ്ട സാഹചര്യം. അടിസ്ഥാന സൗകര്യങ്ങളുടെ വികസനമില്ലായ്മ വലിയൊരു പോരായ്മയാണ്. ശബരിമല സാന്നിദ്ധ്യം ഉണ്ടെങ്കിലും റോഡുകളുടെ അവസ്ഥ ശുഷ്കമാണ്. ഗതാഗതകുരുക്ക് ഇട്ടിയപ്പാറ മുതൽ ബ്ലോക്ക് പടി വരെ നീളുന്നു. റിംഗ് റോഡിന്റെയോ ബൈപ്പാസിന്റെയൊക്കെ അഭാവം ഉണ്ട്. കുടിവെള്ള ക്ഷാമം തീരാദുരിതമാകുകയാണ്. ഒരു ടാങ്ക് വെള്ളത്തിന് അറുന്നൂറ്, എഴുന്നൂറ് രൂപ കൊടുത്ത് വാങ്ങേണ്ട സ്ഥിതി. ഇതിനെല്ലാം മാറ്റം വരുത്തണമെന്നാണ് ആഗ്രഹം.

കാര്യങ്ങൾ പറഞ്ഞുനിറുത്തി പ്രവർത്തകരോടൊപ്പം റാന്നിയിൽ തിരഞ്ഞെടുപ്പ് തിരക്കിലേക്ക് ഇറങ്ങുകയാണ് പദ്മകുമാർ .

കൊവിഡ് കാലത്ത് സാനിറ്റൈസറിന് ക്ഷാമം നേരിട്ടപ്പോൾ സാനിറ്റൈസർ യൂണിറ്റ് ആരംഭിച്ചു. അനേകം പേർക്ക് സാനിറ്റൈസർ വിതരണം ചെയ്തു. ഒരു ആയൂർവേദ മരുന്ന് ഉൽപാദന യൂണിറ്റ് ഉണ്ട്. ഇവയുടെയെല്ലാം ആകെ മേൽനോട്ടം ഇപ്പോൾ സുപ്രിയയ്ക്കാണ്. ഇതിനിടയിൽ വീടുകയറാനും മറ്റ് പ്രചരണ പരിപാടികൾക്കും സുപ്രിയയും മക്കളും ഉണ്ടാകും. മൂത്തമകൻ മകൻ നന്ദു പത്മകുമാർ ആണ് തിരഞ്ഞെടുപ്പിനായുള്ള പോസ്റ്റർ ഡിസൈൻ ചെയ്തത്. എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്. ഇളയമകൻ ഗൗതം പത്മകുമാർ ബി.ബി.എ വിദ്യാർത്ഥിയും.