22-thoppil-bhasi1
തോപ്പിൽ ഭാസി

മലയാലപ്പുഴ: വിമോചന സമരത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഭൂവുടമയുടെ തെങ്ങിൽ കോളാമ്പി കെട്ടിയതിന് കർഷക തൊഴിലാളിക്ക് മർദ്ദനം ഏറ്റതും തോപ്പിൽഭാസി ചോദ്യം ചെയ്തതും തുടർന്നുണ്ടായ സംഭവവികാസങ്ങളും ഇന്നലെ എന്നത് പോലെ ചെങ്ങറക്കാർ ഒാർക്കുന്നു. 1959ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ തോപ്പിൽ ഭാസി മത്സരിക്കുമ്പോഴാണ് പ്രചരാണാർത്ഥം ചെങ്ങറയിൽ യോഗം സംഘടിപ്പിച്ചത്. ഇന്നത്തെപ്പോലെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്ഥാനാർത്ഥിയെത്തുന്ന പതിവ് അന്നുണ്ടായിരുന്നില്ല. തോട്ടങ്ങളാൽ ചുറ്റപ്പെട്ട ചെങ്ങറയിൽ യാത്രാസൗകര്യങ്ങൾ പരിമിതമായിരുന്നു. ചെറത്തിട്ട ജംഗ്ഷൻ വരെ ദുർഘട പാതയിലൂടെ വാഹനത്തിൽ സഞ്ചരിച്ച് തുടർന്ന് തേയില തോട്ടത്തിലൂടെ നടന്നായിരുന്നു തോപ്പിൽ ഭാസി ചെങ്ങറയിലെത്തിയത്. 1949ൽ ഭൂവുടമകൾക്കെതിരെ കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ ശൂരനാട് വിപ്ലവ സമരത്തിന്റെ നായകനായും 1952ൽ ഒളിവിലായിരുന്ന സമയത്ത് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയെന്ന നാടകമെഴുതി മലയാളിയുടെ മനസിൽ ഇടംനേടിയതുമായ തോപ്പിൽ ഭാസിയെ കാണാൻ നിരവധി പേർ അന്ന് കവലയിൽ തടിച്ചുകൂടി.

സ്ഥലത്തെ പ്രധാനഭൂഉടമയായിരുന്ന പോളച്ചിറയ്ക്കൽ പാപ്പി നിരവധി കർഷക തൊഴിലാളി കുടുംബങ്ങളെ തന്റെ സ്ഥലത്ത് കൃഷിപണികൾക്കായി താമസിപ്പിച്ചിരുന്നു. കർഷകതൊഴിലാളികൾ സംഘടിപ്പിച്ച യോഗത്തിനായി പോളച്ചിറയ്ക്കൽ പാപ്പിയുടെ കൃഷിസ്ഥലത്തെ തെങ്ങിൽ കോളാമ്പി കെട്ടി. തന്റെ കൃഷിയിടത്തിലെ തെങ്ങിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരാണാർത്ഥം കോളാമ്പി കെട്ടിയതറിഞ്ഞ പാപ്പി മുതലാളി രോക്ഷാകുലനായി.

മൈക്ക് കെട്ടിയ കർഷക തൊഴിലാളിയായ പന്തളത്ത് മത്തായിച്ചനെ വീട്ടിൽ വിളിച്ച് വരുത്തി മർദ്ദിച്ചു. സംഭവം അന്ന് കാട്ടുതീ പോലെ നാട്ടിൽ പരന്നു. അന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയ തോപ്പിൽ ഭാസിയുടെ കാതിലും സംഭവമെത്തി. ചെങ്ങറ കവലയിൽ നടന്ന യോഗത്തിൽ തോപ്പിൽ ഭാസി ജന്മി, കുടിയാൻ വ്യവസ്ഥിതിക്കെതിരെയും, പാപ്പിയുടെ മർദനമുറയ്‌ക്കെതിരെയും രൂക്ഷമായ ഭാഷയിൽ പ്രസംഗിച്ചു. തുടർന്ന് പോളച്ചിറയ്ക്കൽ വീട്ടിലെത്തിയ തോപ്പിൽ ഭാസി മർദനത്തെയും ജന്മി വ്യവസ്ഥിതിയെയും ചോദ്യം ചെയ്തു. ഇരുവരും തമ്മിലുള്ള സംഭാഷണം ഉച്ചത്തിലായതോടെ പാപ്പിയുടെ ഭാര്യ മറിയാമ്മ അവിടേക്ക് കടന്നുവന്നു. തോപ്പിൽ ഭാസിയും മറിയാമ്മയും പരസ്പരം കണ്ടപ്പോഴാണ് കായംകുളം വള്ളികുന്നത്തെ സ്‌കൂളിൽ ബാല്യകാലത്ത് ഇരുവരും സഹപാഠികളായിരുന്നുവെന്നും ഒരേ നാട്ടുകാരായിരുന്നുവെന്നതും മനസിലാകുന്നത്. തുടർന്ന് പരിചയം പുതുക്കിയ തോപ്പിൽഭാസി ആ വീട്ടിലെ മഴുവൻ വോട്ടും തനിക്കെന്ന് ഉറപ്പിച്ച ശേഷമാണ് മടങ്ങിയത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 7648 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോപ്പിൽ ഭാസി കോൺഗ്രസിലെ എൻ.ജി.ചാക്കോയെ പരാജയപ്പെടുത്തി. 1960 വരെ അദേഹം പത്തനംതിട്ട എം.എൽ.എ ആയി തുടർന്നു.