പന്തളം: എം.സി.റോഡിനരികിലെ മാന്തുകയിലാരംഭിച്ച കുപ്പണ്ണൂർ പദ്ധതിയുടെ കരിങ്കൽക്കെട്ടിന്റെ ഉൾപ്പെടെയുള്ള പണികൾ ആരംഭിച്ചു. മാന്തുക പാലത്തിന് താഴ് വശം മുതൽ താഴോട്ട് കുപ്പണ്ണൂർ ചാലുവരെ നീളുന്ന തോടിന്റെ അരിക് കരിങ്കൽ കെട്ടി സംരക്ഷിക്കുന്ന ജോലിയാണ് കഴിഞ്ഞ ആഴ്ച മുതൽ തുടങ്ങിയത്. ചാൽ വൃത്തിയാക്കുന്ന ജോലി ഫെബ്രുവരി ആദ്യ ആഴ്ചയിൽത്തന്നെ തുടങ്ങിയിരുന്നു. മണ്ണുമാന്തി ഉപയോഗിച്ച് ചാലിലെ ചെളി മുഴുവൻ കോരി ആഴം കൂട്ടിയശേഷമാണ് ചാലിന്റെ അരിക് കെട്ടി സംരക്ഷിക്കുന്നത്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുപ്പണ്ണൂർ ചാലിന്റെ പുനരുദ്ധാരണം നടത്തുന്നത്. നെൽക്കൃഷി പുനരുജ്ജീവനത്തിനൊപ്പം മറ്റു വിളകൾ കൃഷി ചെയ്യുന്നതിനും ചാലിന്റെ ജലസംഭരണ ശേഷി വർദ്ധിപ്പിച്ച് ഈ മേഖലയിലെ വരൾച്ചയ്ക്കു പരിഹാരം കാണുകയുമാണു പദ്ധതിയുടെ ലക്ഷ്യം. 218 ലക്ഷം രൂപ ചെലവിലാണ് പ്രവർത്തനം നടത്തുന്നത്. കുപ്പണ്ണൂർ ചാലിൽ നിന്നും മണ്ണ് നീക്കം ചെയ്യൽ, 510 മീറ്റർ നീളത്തിലും രണ്ടുമീറ്റർ ഉയരത്തിലും ചാലിനു ചുറ്റും പുറം ബണ്ട് കെട്ടൽ, 2.4കി.മീ നീളത്തിൽ തോടുകളുടെ നവീകരണം, 7മീറ്റർ വീതിയിലും 3മീറ്റർ ഉയരത്തിലും വി.സി.ബിയുടെ പണി, 4.5 മീറ്റർ വീതിയിലും 3മീറ്റർ ഉയരത്തിലും കലുങ്ക്,എം.സി.റോഡിൽ നിന്നും 150മീറ്റർ നീളത്തിൽ ചാലിന്റെ പുറം ബണ്ടിലേക്ക് അപ്രോച്ച് റോഡിന്റെ പണിയും ഇതിൽ ഉൾപ്പെടും.