തിരുവല്ല: നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി മാത്യു ടി.തോമസ് ഇന്നലെ പെരിങ്ങര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലും പ്രധാന സ്ഥാപനങ്ങളിലും വോട്ടർമാരെ നേരിൽകണ്ടു വോട്ടഭ്യർത്ഥിച്ചു. രാവിലെ പെരിങ്ങര ജംഗ്ഷനിൽനിന്നും ആരംഭിച്ച്, എം.എൽ.എ ഫണ്ടിൽ നിന്നും ആസ്ഥി വികസനഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ഗ്രാമീണറോഡ് പദ്ധതി ഉൾപ്പടെയുള്ള മറ്റു ഫണ്ടുകളിൽ നിന്നും നിർമ്മിച്ച റോഡുകളുടെ നടുക്കെത്തുമ്പോൾ, "സാറു തന്ന റോഡാണ് ഇവയൊക്കെ" എന്ന് ഓർമ്മിപ്പിച്ച വോട്ടർമാർ, എല്ലാ സഹായവും അദ്ദേഹത്തിനു വാഗ്ദാനം ചെയ്തു. മേപ്രാലിലെത്തിയപ്പോൾ ചിഹ്നം തന്നെയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. വരവേറ്റ മനുഷ്യർക്കൊപ്പമെത്തിയ കറ്റയേന്തിയ കർഷകസ്ത്രീ ഏവരിലും കൗതുകമുയർത്തി. പെരിങ്ങര,ചാത്തങ്കേരി,മേപ്രാൽ,വേങ്ങൽ എന്നിങ്ങനെ പല സ്ഥലങ്ങളിലും വോട്ടർമാരെ നേരിൽ കണ്ടു വൈകുന്നേരത്തോടെ പര്യടനം അവസാനിപ്പിച്ചു. പെരിങ്ങര പഞ്ചായത്ത് പ്രസിഡൻ്റ് മാത്തൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്തു മെമ്പർ സോമൻ താമരച്ചാലിൽ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ സി.കെ. പൊന്നപ്പൻ, പി.ബി.സന്ദീപ് കുമാർ,പഞ്ചായത്ത് മെമ്പർമാരായ റിക്കുമോനി വർഗീസ്, ശാന്തമ്മ ആർ.നായർ,ജയ ഏബ്രഹാം എന്നിവരും മോഹൻദാസ്, പ്രമോദ് ഇളമൺ, സിബിച്ചൻ,പ്രിൻസ്,രാമചന്ദ്രൻ നായർ,സുഭദ്ര രാജൻ,സീന,രാധാകൃഷ്ണൻ മണ്ണഞ്ചേരി തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.