22-nda-perunad
ശബരിമലയെ വീണ്ടും കുരുതികളമാക്കാൻ സി.പിഎം ശ്രമം: കെ.സുരേന്ദ്രൻ

ആങ്ങാമൂഴി: നിയമസഭ തിരഞ്ഞെടുപ്പടുത്തതോടെ ശബരിമലയെ വീണ്ടും കുരുതിക്കളമാക്കാനാണ് പിണറായിയും കൂട്ടരും ശ്രമിക്കുന്നതെന്ന് കോന്നി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി ആങ്ങാമൂഴിയിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കടകംപള്ളി സുരേന്ദ്രനും മുഖ്യമന്ത്രിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ശബരിമലയെ വീണ്ടും അപമാനിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ എന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു എൽ.എഡി.എഫ് തന്നത്? ഒന്നരവർഷക്കാലമായി വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെ അവർ ജനങ്ങളെ പറ്റിച്ചു. 23 വർഷക്കാലം ഭരിച്ച യു.ഡി.എഫും കോന്നിക്ക് വേണ്ടി ഒന്നും ചെയ്തില്ല. ബി.ജെ.പി ജയിച്ചാൽ നരേന്ദ്രമോദി സർക്കാരിന്റെ പിന്തുണയോടെ കോന്നിയെ മികച്ച മണ്ഡലമാക്കി മാറ്റുമെന്ന് സുരേന്ദ്രൻ പറഞ്ഞു.