കോന്നി: കോരിച്ചൊരിയുന്ന മഴയിലും ആവേശം ചോരാതെ എൽ.ഡി..എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ് കുമാറിന്റെ സ്വീകരണ പര്യടനം ആരംഭിച്ചു. സീതത്തോട് പഞ്ചായത്തിലെ രണ്ടാം വാർഡായ മൂഴിയാർ സായിപ്പുംകുഴി ആദിവാസിക്കോളനിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്കാണ് സ്വീകരണ പര്യടനം ആരംഭിച്ചത്. സ്ഥാനാർത്ഥിയെ ചുവന്ന മാല ചാർത്തിയാണ് കാടിന്റെ മക്കൾ സ്വീകരിച്ചത്. ശക്തമായ മഴയെ അവഗണിച്ച് നിരവധി പേരാണ് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകുവാനും ആശംസഅറിയിക്കാനും എത്തിയത്. കുട്ടികളും യുവാക്കളുമടക്കം എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് പിന്തുണയുമായി രംഗത്തെത്തി. എം.എൽ.എ കഴിഞ്ഞ വർഷം തങ്ങൾക്ക് ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തി തന്നതിനാൽ ഒരു വർഷമായി പഠനം മുടങ്ങാത്ത വിവരം സ്‌നേഹത്തോടെ സ്ഥാനാർത്ഥിയോടു പങ്കുവച്ച കുട്ടികൾ പൂക്കളും നല്കാൻ മറന്നില്ല. മഴയെ കൂട്ടാക്കാതെ ചുവന്ന കൊടിയുമായി കുരുന്നുകൾ സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തിയപ്പോൾ പ്രവർത്തകരും ആവേശത്തിലായി. മോശം കാലാവസ്ഥയിലും തങ്ങളെ കാണാനത്തിയ സ്ഥാനാർത്ഥിക്ക് പിന്തുണ അറിയിക്കാൻ ആദിവാസി ഊരുകളിൽ നിന്ന് അമ്മമാർ ഉൾപ്പെടെ കൂട്ടമായി എത്തി. തന്നെ സ്വീകരിക്കാനെത്തിയ കൊച്ചു കുട്ടികളെ ചേർത്ത് പിടിച്ച് വിശേഷങ്ങൾ തിരക്കാനും സ്ഥാനാർത്ഥി മറന്നില്ല. കോളനിയിൽ നിന്ന് ആരംഭിച്ച സ്വീകരണ പര്യടനം സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്തു. എല്ലാവരോടും വോട്ടഭ്യർത്ഥിച്ച ശേഷം സ്ഥാനാർത്ഥി മൂഴിയാർ ജംഗ്ഷനിൽ എത്തിയപ്പോൾ നൂറുകണക്കിന് പ്രവർത്തകരാണ് അവിടെ കാത്തുനിന്നത്. തുടർന്ന് കൊച്ചുപമ്പ,ഗവി, മീനാർ ഉൾപ്പെടെയുള്ള തോട്ടംതൊഴിലാളി മേഖലകളിൽ എത്തി.
സി.പി.എ പെരുനാട് ഏരിയ സെക്രട്ടറി എസ്. ഹരിദാസ്, ജില്ലാപഞ്ചായത്തംഗങ്ങളായ ലേഖ സുരേഷ്, ജിജോ മോഡി, ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എ നിവാസ്, ലോക്കൽ കമ്മിറ്റിയംഗം ശ്രീന ഷിബു, ബ്രാഞ്ച് സെക്രട്ടറി പി.എൻ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.