തിരുവല്ല: വസ്ത്ര വ്യാപാരമേഖലയിലെ പ്രതിസന്ധികളും പ്രശ്നങ്ങളും പരിഹരിക്കാനും വിപണിയിൽ ഉണർവേകാനും ആഹ്വാനം നൽകി കേരള ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെന്റ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം തിരുവല്ലയിൽ നടത്തി. മാത്യു ടി.തോമസ് എൽ.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് കരിക്കിനേത്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ മുഖ്യാതിഥിയായി. ജില്ലാ ജനറൽ സെക്രട്ടറി മഹാലക്ഷ്‌മി സിൽക്‌സ് ടി.കെ.വിനോദ്‌കുമാർ സ്വാഗതം ആശംസിച്ചു. ഫാമിലി ഗ്രൂപ്പ് മുജീബ് റഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തി. രാജാ സിൽക്‌സ് യഹിയാഖാൻ സന്ദേശം നൽകി. സംസ്ഥാന ട്രഷറർ എം.ബാഷ്യം, സംസ്ഥാന വൈസ് പ്രസിഡന്റ് ഷാനവാസ്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി നവാബ് ജാൻ എന്നിവർ പ്രസംഗിച്ചു. നികുതിഘടനയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും കൊവിഡിനെ തുടർന്ന് വസ്ത്ര വ്യാപാരികൾക്ക് ഉണ്ടായ നഷ്ടത്തിന്റെ വ്യാപ്‌തി ബോദ്ധ്യപ്പെടുത്താനും പുതിയ സർക്കാരിന് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. മുതിർന്ന വസ്ത്ര വ്യാപാരികളായ കുന്നന്താനം അരവിന്ദ് ടെക്‌സ്‌റ്റൈൽസ് ഉടമ അരവിന്ദ് കുമാർ, റാന്നി പുല്ലംപള്ളിൽ ടെക്‌സ്‌റ്റൈൽസ് ഉടമ ഉണ്ണിട്ടൻ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.