പത്തനംതിട്ട : പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വം പരസ്യമായി തള്ളി പറഞ്ഞതോടെ എൻ.എസ്.എസിനെതിരായ മുഖ്യമന്ത്രിയുടെ തനി നിറം പുറത്തായെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ . മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.എസ്.എസിനെതിരായ മുഖ്യമന്ത്രിയുടേയും കാനം രാജേന്ദ്രന്റെയും നിലപാട് പ്രതികാര ബുദ്ധിയെയാണ് കാണിക്കുന്നത്. ശബരിമല വിഷയത്തിൽ എൻ.എസ്.എസ് എടുത്തിട്ടുള്ള നടപടിയാണ് ഇതിന് കാരണം. പരാജയഭീതിയിൽ നിന്നാണ് ഈ മറുപടി ഉണ്ടായത്. ശബരിമല പ്രശ്നത്തിൽ എൻ.എസ്.എസ് വിശ്വാസികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത് കൊണ്ടാണ് എൻ.എസ്.എസിനെ പിണറായിയും കാനം രാജേന്ദ്രനും വിമർശിക്കുന്നത്. ശബരിമലവിഷയത്തിൽ സി.പിഎമ്മിന്റെയും സർക്കാരിന്റെയും ദുഷ്ടലാക്ക് ഇതോട് കൂടി പുറത്തായി. ശബരിമലയെ വീണ്ടും അവിശ്വാസികൾക്ക് കയറിനിരങ്ങാനുള്ള അവസരമാക്കി മാറ്റുകയാണ് ഇവർ.
കോന്നിയിൽ ശബരിമല വിശ്വാസികൾ ഞങ്ങളോടൊപ്പം നിൽക്കും. സാങ്കേതിക കാരണങ്ങളാൽ നാമനിർദേശ പത്രിക തള്ളുന്നത് ശരിയായ നടപടിയല്ല. നിയമപരമായി അതിനെ നേരിടും. നീതിലഭിക്കും എന്നാണ് കരുതുന്നത്. പോരായ്മ ഉണ്ടെങ്കിൽ വരണാധികാരി നോട്ടീസ് നൽകി പരിഹരിക്കും. അത് ചെയ്യാതെ നിഷ്കരുണം തള്ളികളഞ്ഞ നടപടിയിൽ ഗൂഢാലോചന സംശയിക്കുന്നുണ്ട്. തലശ്ശേരി, ഗുരുവായൂർ നാമ നിർദേശ പത്രിക തള്ളിയതിൽ ഭരണാധികാരിയുടെ വിവേചനാധികാരം എന്ന് പറഞ്ഞ് കാണിച്ചിരിക്കുന്നത് നീതി നിഷേധമാണ്. ഞങ്ങൾക്ക് ആരുമായിട്ടും സഖ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.