കോന്നി : ഗവിയിൽ എത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.യു ജനീഷ് കുമാറിനെ ആരതിയുഴിഞ്ഞും പുഷ്പ കിരീടം സമ്മാനിച്ചും ശ്രീലങ്കൻ അഭയാർത്ഥികളായ തോട്ടം തൊഴിലാളികൾ സ്വീകരിച്ചു. ശ്രീലങ്കൻ ആചാര പ്രകാരമായിരുന്നു ജനീഷ് കുമാറിനെ തോട്ടംതൊഴിലാളികൾ വരവേറ്റത്. പച്ചക്കാലം ചെക്ക് പോസ്റ്റിൽ എൽ.ഡി.എഫ് നേതാക്കൾക്ക് ഒപ്പം സ്ഥാനാർത്ഥിയെത്തിയപ്പോൾ ചെങ്കൊടിയേന്തി നിരവധി തൊഴിലാളികളായിരുന്നു അവിടെ കാത്തുനിന്നത്. ഒട്ടനവധി വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന ജീപ്പിലായിരുന്നു പര്യടന യാത്ര തുടർന്നത്. സ്വീകരണം ഏറ്റുവാങ്ങുവാൻ കൊച്ചുപമ്പയിലെത്തിയപ്പോൾ കുട്ടികളും അമ്മമാരും ഉൾപ്പെടെ നിരവധിപ്പേർ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ പൂക്കളും ദീപങ്ങളുമായി കാത്തുനിന്നു. ലയത്തിൽ താമസത്തിക്കുന്ന തൊഴിലാളികൾക്ക് കിടപ്പാടമൊരുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച തങ്ങളുടെ എം.എൽ.എയെ പരമ്പരാഗത ആചാരപ്രകാരം ആരതിയുഴിഞ്ഞും മഞ്ഞൾവെള്ളം തളിച്ചുമാണ് ശ്രീലങ്കൻ അഭയാർത്ഥികളായ തൊഴിലാളികൾ സ്വീകരിച്ചത്. കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ ദീപങ്ങളുമായി സ്ഥാനാർത്ഥിക്ക് അകമ്പടിയേകി. ഘോഷയാത്രയുടെ അകമ്പടിയോടെ സ്വീകരണ വേദിയിലെത്തിയ സ്ഥാനാർത്ഥിയെ സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ച് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗവിയിൽ എത്തിയ സ്ഥാനാർത്ഥിയെ പുഷ്പങ്ങൾ വിതറിയും കർപ്പൂരം ഉഴിഞ്ഞുമായിരുന്നു അവർ സ്ഥാനാർത്ഥിയെ തങ്ങളുടെ നാട്ടിലെക്ക് സ്വീകരിച്ചത്. കാലങ്ങളായുള്ള പരാതി പരിഹരിക്കാൻ ഒപ്പം നിന്ന എം.എൽ.എയെ സ്‌നേഹ ചുംബനങ്ങൾ നൽകിയാണ് ലയത്തിൽ താമസമാക്കിയ അമ്മമാർ സ്വീകരിച്ചത്. ഗവിയിലെ തൊഴിലാളി സമൂഹത്തിന്റെ പിന്തുണയേറ്റുവാങ്ങിയ സ്ഥാനാർത്ഥി പിന്നീട് മീനാറിലെ സമാപനസ്വീകരണ യോഗത്തിലേക്കാണ് പോയത്. ഇവിടെയും വമ്പിച്ച സ്വീകരണമാണ് ഒരുക്കിയിരുന്നത്.