അടൂർ : ജനസേവനത്തിനൊപ്പം ചിറ്റയം ഗോപകുമാറിന് മറ്റൊരു പ്രണയം കൂടിയുണ്ടെന്ന് ഭാര്യ ഷേർളിബായി പറയുന്നു. മറ്റൊന്നുമല്ല പൂത്തുവിളഞ്ഞു നിൽക്കുന്ന കൃഷിയോടാണത്. അടൂർ ശ്രീമൂലം മാർക്കറ്റ് ജംഗ്ഷന് കിഴക്ക് റിംഗ് റോഡ് സൈഡിലെ വാടക വീട്ടിലെത്തുമ്പോൾ കൂടുതൽ ബോധ്യമാകും. കത്തുന്ന മീനച്ചൂടിലും നൂറിലധികം വരുന്ന ഗ്രോബാഗുകളിൽ തളിർത്തു നിൽക്കുന്ന തക്കാളി, പാവയ്ക്ക, വെണ്ട, പച്ചമുളക്, വഴുതനങ്ങ എന്നുവേണ്ട ഒട്ടുമിക്ക വിഷരഹിത പച്ചക്കറികളും വീട്ടുവളപ്പിലുണ്ട്. എത്ര തിരക്കുണ്ടെങ്കിലും വീട്ടുമുറ്റത്തെ പച്ചക്കറി കൃഷികളോട് ഏറെ ജാഗ്രതയാണ് കാട്ടുന്നത്. കർഷകരും കർഷകത്തൊഴിലാളികളും ഉൾപ്പെടെയുള്ള ഒരു പൊതുസമൂഹത്തിനൊപ്പം ജീവിച്ചതിൽ നിന്നാണ് ഇൗ കാർഷിക സ്നേഹം എന്ന് ഹൈക്കോടതിയിൽ നിന്ന് കോർട്ട് ഒാഫീസർ പദവിയിൽ നിന്ന് വിരമിച്ച ഭാര്യയുടെ നേർസാക്ഷ്യം. എന്നാൽ മക്കളായ അമൃതയ്ക്കും അനുജയ്ക്കും മറ്റൊരു പക്ഷമുണ്ട്, അച്ഛന് ഒന്നാം ഭാര്യ മണ്ഡലവും അവിടുത്തെ ജനങ്ങളുമാണ്. അതിന് ശേഷമാണ് രണ്ടാം ഭാര്യയായി അമ്മയേയും മക്കളായ ഞങ്ങളേയും കാണുന്നത്. അതിൽ തങ്ങൾക്ക് സന്തോഷമേയുള്ളൂ. ജനങ്ങൾക്കൊപ്പം നിറഞ്ഞുനിൽക്കുന്ന ജനപ്രതിനിധി എന്നനിലയിൽ ഏറെ അഭിമാനമുണ്ടെന്നും മക്കളുടെ സാക്ഷ്യപത്രം.തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിൽ വീട്ടിലെത്തിയവരുമായെല്ലാം ചർച്ചകൾ നടത്തിയപ്പോഴേക്കും വീട്ടിൽ ചപ്പാത്തിയും വെജിറ്റബിൾ കുറുമയും റെഡി. തിരക്ക് കാരണം അതൊന്നും കഴിക്കാതെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാൻ വീട്ടുമുറ്റത്ത് എത്തിയപ്പോൾ എടേ... പച്ചക്കറികൾക്ക് വെള്ളമൊഴിക്കൂ... അപ്പോഴേക്കും ഭാര്യ ഷേർളിബായി എത്തി. ഒപ്പം രണ്ട് പെൺമക്കളും.നിർദ്ദേശങ്ങൾ നൽകി കാറിൽ പ്രവർത്തകർക്കൊപ്പം തിരഞ്ഞെടുപ്പ് തിരക്കിലേക്ക്. മൂത്തമകൾ അമൃത അടൂർ സെന്റ് സിറിൾസ് കോളേജിൽ ഇംഗ്ളീഷ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറായി ജോലിനോക്കുന്നു. രണ്ടാമത്തെ മകൾ അനുജ തിരുവനന്തപുരം ഗവ. ലോ കോളേജിൽ അവസാന വർഷ എൽ.എൽ.ബി വിദ്യാർത്ഥിനിയാണ്.
വീട്ടിൽ എല്ലാവർക്കും കൊവിഡ് വന്നകാലമാണ് ഏറെ സന്തോഷം നിറഞ്ഞതെന്ന് മക്കൾ പറയുന്നു.അത് മറ്റൊന്നുകൊണ്ടുമല്ല, ഒരുമാസത്തോളം അച്ഛനെ സ്വതന്ത്രമായി വീട്ടിൽ കിട്ടിയതിൽ. കൃത്യസമയത്ത് ആഹാരം കഴിക്കില്ല, മതിയായ ഉറക്കമില്ല, അതിനനുസരിച്ച് ടെൻഷനും. ഇതോടെ പലവിധ രോഗങ്ങളും പിടികൂടി. അതൊന്നും വകവയ്ക്കാതെയാണ് ജനസേവനം. മണ്ഡലത്തിൽ നിറഞ്ഞു നിൽക്കേണ്ടത് ജനപ്രതിനിധികളുടെ കടമയാണ്. അതുകൊണ്ട്തന്നെ അമ്മയ്ക്കും മക്കൾക്കും പരാതിയൊന്നുമില്ല. അച്ഛൻ നന്നായി പാടും, ചിത്രം വരയ്ക്കും ഇതെല്ലാം ജനപ്രതിനിധിയായതോടെ മുടങ്ങി. എന്നാൽ അഭിനേതാവായും ഗായകനുമായൊക്കെ തിരശ്ശീലയിൽ തിളങ്ങിയതിൽ കുടുംബത്തിന് ഏറെ സംതൃപ്തിയുണ്ട്. ആഹാരക്കാര്യത്തിൽ വലിയ നിർബന്ധ ബുദ്ധിയില്ല, മീൻകറിയുണ്ടെങ്കിൽ മറ്റൊന്നും വേണ്ട. ഇടയ്ക്കിടെ പഴങ്കഞ്ഞി കഴിക്കും. വൈകിട്ട് ഒരു ഗോതമ്പ് ദോശയോ, ചപ്പാത്തിയുമാണ് ഇപ്പോഴത്തെ ഭക്ഷണം. എം.എൽ.എ ആകുന്നതിന് മുൻപ് വല്ലപ്പോഴും കുടുംബമായി സിനിമയ്ക്ക് പോകുമായിരുന്നു. ജനപ്രതിനിധി അയതോടെ അതും മുടങ്ങി. ഉല്ലാസയാത്രകളും ഇക്കാലങ്ങളിലുണ്ടായിട്ടില്ല. മക്കൾക്കും ഇക്കാര്യങ്ങളിൽ പരിഭവമില്ല. ടെഷനുകൾ ഉള്ളതുകൊണ്ടാകാം വീട്ടിൽ വരുമ്പോൾ ടെലിവിഷനിൽ കോമഡി പരിപാടികളാണ് ഏറെയും കാണുക. അത് ആസ്വദിച്ച് അവിടെ ഇരുന്നുറങ്ങും. പിന്നെ ഞങ്ങൾ ആരെങ്കിലും വിളിച്ചുകൊണ്ടുപോയി വേണം കിടത്താൻ... മൂത്തമകൾ അമൃതയുടെ വാക്കുകൾകേട്ട് ഭാര്യ ഷേർളിബായിയും ചിരിച്ചുകൊണ്ട് തലകുലുക്കി.
തികഞ്ഞ കമ്മ്യൂണിസ്റ്റാണെങ്കിലും കൊട്ടാരക്കര ഗണപതിയുടെ തികഞ്ഞ ഭക്തനാണ് ചിറ്റയം. മാസത്തിൽ ഒരിക്കൽ ഉറപ്പായും ക്ഷേത്രദർശനം നടത്തും. പാവങ്ങളായ ജനങ്ങളുടെ ദുരിതങ്ങളും ദു:ഖങ്ങളും മനസ്സിലാക്കണമെങ്കിൽ ദൈവീകചിന്തവേണമെന്നാണ് ഭാര്യയുടെയും മക്കളുടെയും അഭിപ്രായം. അടൂരിനെ ഏറെ ഇഷ്ടപ്പെട്ടു, ഒപ്പം അടൂരിലെ ജനങ്ങളേയും. അതിനാൽ സ്വന്തമായി വീടില്ലാത്ത തങ്ങൾ അടൂരിൽ തന്നെ ഒരിടം കണ്ടെത്തിയെന്നും ഭാര്യ ഷേർളിബായി പറയുമ്പോൾ ഏറെ സന്തോഷം ആമുഖത്ത് വിരിയുന്നു. അടൂർ നഗരസഭയിൽ പൊതുവേ തിരക്കുകൾ ഒഴിഞ്ഞ നാലാംവാർഡിൽ കെ. ഐ.പി കനാൽ കരയിൽ പത്ത് സെന്റ് സ്ഥലം വാങ്ങിയാണ് വീട് പണി തുടങ്ങിയത്. കഴിഞ്ഞ ദിവസമായിരുന്നു കട്ടിളവയ്പ്പ്. ഇതോടെ ജനഹൃദയങ്ങളിൽ ഇടംപിടിച്ച ജനപ്രതിനിധി അടൂരിന്റെ ഉറച്ച ഭാഗമായി മാറുകയാണ്.