ആറന്മുള: മഹാപ്രളയത്തിൽ തകർന്നടിഞ്ഞ ആറന്മുളയെ പുനരുജ്ജീവിപ്പിക്കുകയാണ് തന്റെ ആദ്യ പരിഗണനയെന്ന് ആറന്മുളയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ശിവദാസൻ നായർ പറഞ്ഞു. ആറന്മുള നിയോജക മണ്ഡലത്തിലെ ആദ്യ സ്ഥാനാർത്ഥി സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് പളളിയോടങ്ങളും നിരവധി പളളിയോടപ്പുരകളും തകർന്നു. സർക്കാർ സഹായിച്ചില്ല. കോടിക്കണക്കിനു രൂപയുടെ നാഷനഷ്ടങ്ങൾ ഉണ്ടായി. സർക്കാർ പ്രഖ്യാപിച്ച ധനസഹായം പോലും പലർക്കും കിട്ടിയില്ല. വ്യാപാരികൾക്കുണ്ടായ നഷ്ടം അവഗണിച്ചു. താൻ തിരഞ്ഞെടുക്കപ്പെട്ടാൽ ആറന്മുളയ്ക്ക് പ്രത്യേകം പാക്കേജ് ഏർപ്പെടുത്തുമെന്നു അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ റ്റി.എ.ഹമീദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി മുൻ പ്രസിഡന്റ് പി.മോഹൻരാജ് സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി അഡ്വ. എബി കുറിയാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദീൻ, കെ.കെ.റോയ്‌സൺ, അന്നപൂർണാദേവി, ജോൺ കെ.മാത്യൂസ്, തങ്കമ്മ, ജോൺസൺ വിളവിനാൽ, എ.സുരേഷ് കുമാർ, വി.ആർ.സോജി, എം.സി.ഷെറീഫ്, കെ.എൻ.രാധാചന്ദ്രൻ, കെ.ശിവ പ്രസാദ്, വി.ആർ. ഉണ്ണിക്കൃഷ്ണൻ നായർ, പി.കെ.ഇക്ബാൽ തുടങ്ങിയവർ പ്രസംഗിച്ചു. നാളെ മെഴുവേലി മണ്ഡലത്തിൽ സ്വീകരണം നൽകുമെന്ന് കൺവീനർ ജോൺസൺ വിളവിനാൽ അറിയിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്യും.