കോഴഞ്ചേരി: മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്ന് അപകടത്തിൽപ്പെട്ടയാൾ ജില്ലാ ആശുപത്രിയിൽ അതിക്രമം കാട്ടുകയും ജീവനക്കാരെ മർദ്ദിക്കുകയും അവർക്കു നേരെ അസഭ്യവർഷം നടത്തുകയും ചെയ്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആശുപത്രി ജീവനക്കാർ രംഗത്ത്. ഇലന്തൂർ പരിയാരം മഞ്ജുഷ് ഭവനിൽ മഞ്ജുഷ് കുമാർ (37) ആണ് ചികിത്സക്കായി ആശുപത്രിയിൽ എത്തിയപ്പോൾ ജീവനക്കാർക്കു നേരെ ആക്രമം കാട്ടിയതായി പരാതി ഉയർന്നത്. ഇതു സംബന്ധിച്ച് ജീവനക്കാർ ആറന്മുള പൊലീസിൽ പരാതി നൽകുകയും ചെയ്തു. അക്രമത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ ആശുപത്രി പടിക്കൽ പ്രതിഷേധ ധർണ നടത്തി. സൂപ്രണ്ട് ഡോ.എസ്. പ്രതിഭ ഉദ്ഘാടനം ചെയ്തു. സാമൂഹിക വിരുദ്ധരുടെ ആക്രമം ഇനിയും ഉണ്ടാകാതിരിക്കുന്നതിനും ആശുപത്രി ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിന് അവസരം ഒരുക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.