കോന്നി: വള്ളിക്കോട്ടെ കുളത്തൂരേത്ത് ലക്ഷം വീട് കോളനിയിലുള്ളവർക്ക് എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രനോട് സംസാരിക്കാൻ ഏറെയുണ്ടായിരുന്നു. കൊവിഡ് ദുരിതകാലത്ത് എല്ലാവർക്കും റേഷനും ഭക്ഷ്യധാന്യങ്ങളും അനുവദിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇത്രയും കാലം നിങ്ങൾ തിരഞ്ഞെടുത്തവർ നിങ്ങൾക്ക് ഒന്നും തന്നില്ല. ഇനി നമുക്ക് മോദിക്കൊപ്പം നിൽക്കാമെന്ന് സുരേന്ദ്രൻ. പട്ടയമില്ല, അടച്ചുറപ്പുള്ള വീടില്ല, കുടിവെള്ളമില്ല, വൈദ്യുതിയില്ല. കോളനിക്കാർ പരാതിക്കെട്ടഴിച്ചു. കേന്ദ്രസർക്കാരിന്റെ ജനക്ഷേമപദ്ധതികൾ നടപ്പിലാകാത്തതാണ് ശോചനീയാവസ്ഥക്ക് കാരണമെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. രാവിലെ ഒമ്പത് മണിക്ക് കോളനിയിലെത്തിയ സുരേന്ദ്രൻ കുളത്തൂരേത്ത് മോഹനന്റെ വീട്ടിൽ നിന്ന് പ്രാതൽ കഴിച്ചു. ഭക്ഷണത്തിന് ശേഷം അദ്ദേഹം കോളനിയിലെ മറ്റു വീടുകൾ സന്ദർശിച്ചു. സ്ഥലത്തെ ഏറ്റവും മുതിർന്ന പൗരനായ കുളത്തൂരേത്ത് രാഘവന്റെ അനുഗ്രഹം വാങ്ങി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ഡി.അശോക് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ്, മണ്ഡലം പ്രസിഡന്റ് ജി.മനോജ്, മഹിളാമോർച്ചാ മണ്ഡലം പ്രസിഡന്റ് ബിന്ദു പ്രകാശ് എന്നിവർ സുരേന്ദ്രനോടൊപ്പം ഉണ്ടായിരുന്നു.