kpandveena

പത്തനംതിട്ട : വേദിയിൽ നിന്നിറങ്ങി വീണാ ജോർജ് മുൻനിരയിലിരുന്നയാളെ വന്ദിക്കുമ്പോൾ ഒരു പുഞ്ചിരിയോടെ 'നന്നായി വരും' എന്നുപറഞ്ഞ് അദ്ദേഹം അനുഗ്രഹിച്ചു. അതിന്റെ കാരണം തിരക്കിയവരോട് ആറന്മുള എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ വീണാ ജോർജ് പറഞ്ഞു: ''ഇത് കെ.പി.അങ്കിൾ. നൃത്തവേദിയിലേക്ക് എന്നെ ആദ്യമായി ഒരുക്കിവിട്ട ഗുരു.'' 30 വർഷമായി മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്നയാളാണ് വെട്ടൂർ കെ.പി. വീണയ്ക്ക് ഏഴ് വയസുള്ളപ്പോഴാണ് ആദ്യമായി മേക്കപ്പ് ഇട്ടത്. വീണയുടെ അച്ഛൻ കുര്യാക്കോസുമായുള്ള സൗഹൃദമായിരുന്നു അതിനു പിന്നിൽ. അന്ന് കുമ്പഴ വടക്ക് എൽ.പി സ്കൂളിലാണ് വീണാ ജോർജ് എന്ന് അറിയപ്പെടുന്ന വീണാ കുര്യാക്കോസ് പഠിച്ചിരുന്നത്. മൈലപ്ര മൗണ്ട് ബഥനി സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവസാനമായി മേക്കപ്പ് ചെയ്തതെന്നാണ് വെട്ടൂർ കെ.പിയുടെ ഓർമ്മ. എപ്പോഴും ചിരിക്കുന്ന മുഖമുള്ള ഒരു പെൺകുട്ടിയായിരുന്നു വീണ. ഭരതനാട്യം, നാടോടി നൃത്തം, മോണോ ആക്ട് തുടങ്ങിയവയിൽ അസാദ്ധ്യമായ പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥിനിയാണ്. പിന്നീട് അദ്ധ്യാപികയും അറിയപ്പെടുന്ന മാദ്ധ്യമ പ്രവർത്തകയും ആറന്മുള എം.എൽ.എയുമായി. അഞ്ചു വർഷം നാട്ടിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ചുരുക്കം എം.എൽ.എമാരിൽ ഒരാളാണ് വീണയെന്നതിൽ അഭിമാനമുണ്ട് ഈ ഗുരുവിന്.

രാഷ്ട്രീയം നോക്കാതെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്നത് കാണുമ്പോൾ വീണയിലെ പഴയ വ്യക്തിത്വം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഈ ഗുരു ഓർക്കും. പ്രളയകാലത്ത് എല്ലാവരും രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ജനങ്ങൾക്കൊപ്പം രാവും പകലും നിന്ന ജനപ്രതിനിധിയാണ് വീണ. ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും ഒരു വേദിയിൽ നിന്നിറങ്ങി മടങ്ങുമ്പോൾ തന്നെ കണ്ട വീണ ദക്ഷിണ നൽകിയ ഓർമ്മയും കെ.പി പങ്കുവച്ചു. വലിയ ഭൂരിപക്ഷത്തോടെയുള്ള വീണയുടെ വിജയം അന്ന് വളരെ പ്രതീക്ഷ നൽകി. ഇത്തവണയും അത് ആവർത്തിക്കണമെന്നാണ് ആഗ്രഹമെന്ന് എഴുപതുകാരനായ വെട്ടൂർ .കെ.പി പറഞ്ഞു. കുഞ്ഞുപിള്ള എന്നാണ് മേക്കപ്പ് ആർട്ടിസ്റ്റും നാടക സംവിധായകനും നൃത്ത കോസ്റ്റ്യൂം ഡിസൈനറുമായ വെട്ടൂർ .കെ.പിയുടെ യഥാർത്ഥ പേര്.