തിരുവല്ല: സവാരിക്കിടെ ലഭിച്ച പണമടങ്ങിയ പേഴ്‌സ് തിരികെ നൽകി ഓട്ടോഡ്രൈവർ മാതൃകയായി. ഓട്ടോ-ടാക്സി ഡ്രൈവറും തിരുവല്ല ഫയർ ആൻഡ് റസ്ക്യു നിലയത്തിലെ സിവിൽ ഡിഫൻസ് വാർഡനുമായ പി.വി.വിനീഷ് മോനാണ് മാതൃകയയത്. യാത്രയ്ക്കിടെ ഓട്ടോറിക്ഷയിൽ മറന്നുവെച്ച മൂവായിരത്തിലധികം രൂപ അടങ്ങിയ പേഴ്‌സാണ് വിനീഷിന് ലഭിച്ചത്. തുടർന്ന് സിവിൽ ഡിവിഷൻ തിരുവല്ല നിലയത്തിലെ പരിശീലകൻ ശ്രീനിവാസൻ മുഖേന സ്റ്റേഷൻ ഓഫീസർ വേണുകുട്ടനെ ഏൽപ്പിക്കുകയും അവർ പൊലീസിന് കൈമാറുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുമൂലപുരം ബഥനി മഠത്തിലെ സിസ്റ്ററിന്റെ പേഴ്‌സാണെന്ന് കണ്ടെത്തി. പൊലീസിന്റെയും സിവിൽ ഡിവിഷൻ അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ വിനീഷ് മോൻ പേഴ്‌സ് സിസ്റ്ററിന് കൈമാറി. സത്യസന്ധത കാണിച്ച് മാതൃകയായ വിനീഷിനെ യൂണിറ്റ് അംഗങ്ങളും സഹപ്രവർത്തകരും അഭിനന്ദിച്ചു.