election

പത്തനംതിട്ട : സ്ഥാനാർത്ഥികളോടും പ്രതിനിധികളോടും സംവദിച്ചും അവരുടെ സംശയങ്ങൾ ദൂരീകരിച്ചും തിരഞ്ഞെടുപ്പ് നിരീക്ഷകർ. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും പ്രതിനിധികൾക്കുമായി പത്തനംതിട്ട കളക്ടറേറ്റിൽ നടത്തിയ യോഗത്തിലാണ് നിരീക്ഷകർ സംവദിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾ പൊതുവായി അറിയേണ്ട കാര്യങ്ങൾ പവർ പോയിന്റായി അവതരിപ്പിച്ചു. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ചെലവ് സംബന്ധിച്ച റിപ്പോർട്ട് പ്രതിദിനം അസിസ്റ്റന്റ് ചിലവ് നിരീക്ഷകന് സമർപ്പിക്കണം. ജില്ലയിലെ 1530 പോളിംഗ് സ്റ്റേഷനുകളിൽ 716 പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുള്ള കാര്യങ്ങൾ സ്ഥാനാർത്ഥികൾ പാലിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉണ്ടെങ്കിൽ നിരീക്ഷകരെ നേരിട്ടോ ഫോൺ മുഖേനയോ അറിയിക്കാമെന്നും നിരീക്ഷകർ പറഞ്ഞു.
പൊതുനിരീക്ഷകരായ സുരേഷ് കുമാർ വഷിഷ്ട്, ഡോ.എം.എസ്.രേണു എസ് ഫുല്ല, പൊലീസ് നിരീക്ഷകൻ അശുതോഷ് കുമാർ, ചെലവ് നിരീക്ഷകൻ സ്വരൂപ് മന്നവ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി, അടൂർ വരണാധികാരിയായ ആർ.ഡി.ഒ എസ്.ഹരികുമാർ, തിരുവല്ല വരണാധികാരിയായ ആർ.ഡി.ഒ പി.സുരേഷ്, ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.ചന്ദ്രശേഖരൻ നായർ, ഡെപ്യൂട്ടി കളക്ടർമാരും വരണാധികാരികളുമായ ജെസിക്കുട്ടി മാത്യു, ആർ.ബീനാ റാണി, ആർ.സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.