കോന്നി: കോൺഗ്രസ് കോന്നി ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ.അലക്‌സാണ്ടർ മാത്യു കോൺഗ്രസിൽ നിന്ന് രാജിവെച്ചു സി.പി.എമ്മിൽ ചേർന്നു. പി.മോഹൻരാജിനെ തോൽപ്പിക്കാൻ നേതൃത്വം നൽകിയ ആളെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു രാജി. കാലങ്ങളായുള്ള കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചെത്തിയ അലക്‌സാണ്ടർ മാത്യുവിനെ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഷാൾ അണിയിച്ച് സ്വീകരിച്ചു. നേതൃത്വത്തിന്റെ നിലപാടിൽ അമർഷമുള്ള നേതാക്കളും നൂറോളം പ്രവർത്തകരും വരുംദിവസങ്ങളിൽ കോൺഗ്രസിൽ നിന്നും പുറത്തുവരുമെന്ന് അലക്‌സാണ്ടർ പറഞ്ഞു. പലരും റോബിൻ പീ​റ്ററിന് വേണ്ടി പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന മനസില്ലാമനസോടെയാണ്.എന്നാൽ ഈ സ്ഥിതി തുടരാൻ കഴിയില്ലെന്ന നിലപാടിലാണ് പലരും. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ വിമതപ്രവർത്തനം നടത്തിയയാളെ സ്ഥാനാർത്ഥിയാക്കിയ തീരുമാനം കോന്നിയിൽ കോൺഗ്രസിന്റെ അടിത്തറയിളകാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. 1989ൽ ഇപ്പോഴത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീ​റ്റർ പത്തനംതിട്ട കതോലിക്ക കോളേജിൽ മാഗസിൻ എഡി​റ്ററായി പ്രവർത്തിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ് കിഴവൊള്ളൂർ സ്വദേശിയായ അഡ്വ.അലക്‌സാണ്ടർ മാത്യു. ഇളകൊള്ളൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന അലക്‌സാണ്ടർ മാത്യു നിലവിൽ ലോയേഴ്‌സ് കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി കൂടിയാണ്.