ചെങ്ങന്നൂർ: വാഗ്ദാനമല്ല വാക്കാണ് നൽകുന്നതെന്ന ഉറപ്പോടെ എൻ.ഡി.എ സ്ഥാനാർത്ഥി ഗോപകുമാറിന്റെ പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രസർക്കാറിന്റെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി ചെങ്ങന്നൂരിന്റെ സമഗ്രവികസനം സാദ്ധ്യമാക്കുന്നതിനാണ് പ്രകടന പത്രികയിൽ മുന്തിയ പരിഗണന നൽകിയിരിക്കുന്നതിന്. പ്രധാനമന്ത്രി ആദർശ ഗ്രാമം പദ്ധതിയിലൂടെ ഗ്രാമങ്ങളുടെ വികസനം സാദ്ധ്യമാക്കുന്നതോടൊപ്പം പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ച് പ്രത്യേക തൊഴിൽ പരിശീലന കേന്ദ്രങ്ങളും കുടുംബശ്രീ യൂണിറ്റുകളെ ബന്ധിപ്പിച്ച് വലിയ ഉല്പാദന വിപണന ശൃംഗലയും ഉറപ്പു നൽകുന്നതാണ് പ്രകടന പത്രിക. പ്രകാശിത ചെങ്ങന്നൂരിനായി നമോ ബ്രൈറ്റ് സ്ട്രീറ്റ് പദ്ധതി. ഒരേ സമയം പതിനായിരം ശബരിമല തീർത്ഥാടകർക്ക് ഭക്ഷണവും വിശ്രമവും ഉറപ്പാക്കുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന പിൽഗ്രീം സെന്റർ. ദർശനമാല പദ്ധതിയിൽ ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലേക്ക് ഭക്തർക്കായി പ്രീപെയ്ഡ് തീർത്ഥാടന പദ്ധതി. ഇട്ടിത്തൊമ്മൻ കത്തനാർ സ്മാരക ക്രൈസ്തവ പഠന കേന്ദ്രം, ചെങ്ങന്നൂരാദി പഠനകേന്ദ്രം, ഫോക് ലോർ മ്യൂസിയം, ജലഗതാഗതവും ഉൾനാടൻ ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കല്ലിശേരി ബോട്ടുജെട്ടി പുനസ്ഥാപിച്ച് കുട്ടനാട്, ആലപ്പുഴ ഭാഗത്തേക്ക് ജലഗതാഗതം. പരമ്പര തൊഴിലുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാന്നാറിനെ ചെങ്ങന്നൂരിന്റെ വ്യാവസായി തലസ്ഥാനമാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. യുവജനങ്ങൾക്കായി ചെങ്ങന്നൂരും മാന്നാറും ഓപ്പൺ ജിംനേഷ്യം. എല്ലാ പഞ്ചായത്തുകളിലും മാലിന്യ സംസ്‌ക്കരണ പദ്ധതി തുടങ്ങി ആരോഗ്യ, വിദ്യാഭ്യാസ, പരിസ്ഥിതി, തൊഴിൽ മേഖലകളുടെ ഉന്നമനം ലക്ഷ്യമാക്കിയുളള സമ്പൂർണ വികസന പദ്ധതികളാണ് പ്രകടനപത്രികയിൽ ഉൾക്കൊളളിച്ചിട്ടുളളത്.