കോന്നി: കൊക്കാത്തോടിനെ ആവേശഭരിതമാക്കി എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന്റെ സ്വീകരണ പര്യടനം. ഗവിയുടെ മണ്ണിൽ ലഭിച്ച ആവേശോജ്ജ്വല സ്വീകരണത്തിന് ശേഷമായിരുന്നു കൊക്കാത്തോട് മേഖലയിൽ സ്ഥാനാർത്ഥിക്ക് സ്വീകരണമൊരുക്കിയത്. വൈകുന്നേരം മൂന്ന് മണിയോടെ നേതാക്കൾക്ക് ഒപ്പം നീരാമക്കുളത്തെത്തിയ സ്ഥാനാർത്ഥിയെ മാലയണിയിച്ച് പ്രവർത്തകരും നാട്ടുകാരും സ്വീകരിച്ചു. തുടർന്ന് വേദിയിലേക്ക്. സ്വീകരണ യോഗം കോന്നിയൂർ പി.കെ ഉദ്ഘാടനം ചെയ്തു. പിന്നീട് പോയത് കോട്ടാംപാറ ഇടത്തറപ്പടി ജംഗ്ഷനിലേക്കായിരുന്നു.പിന്നീട് പ്ലാംകീഴ് കോളനി ജംഗ്ഷനിൽ ഒരുക്കിയ സ്വീകരണ വേദിയിലേക്കായിരുന്നു എത്തിയത്. വൈകുന്നേരത്തോടെ എസ്.എൻ.ഡി.പി ജംഗ്ഷനിൽ എത്തിയപ്പോൾ സ്ത്രീകളും പുരുഷന്മാരുമടക്കം ഒട്ടനവധിപ്പേരാണ് സ്ഥാനാർത്ഥിയെ മാലയിട്ട് സ്വീകരിക്കാൻ കാത്തുനിന്നത്. വിളക്കുപടിയിലെയും അള്ളുങ്കൽ നെല്ലിമൂട്ടിൽപ്പടിയിലെയും സ്വീകരണങ്ങൾ ഏ​റ്റുവാങ്ങിയ സ്ഥാനാർത്ഥി സമാപന വേദിയായ ആരബിൾ ലാന്റിൽ എത്തിയപ്പോൾ വൻജനാവലിയാണ് അവിടെ കാത്തുനിന്നത്. പടക്കം പൊട്ടിച്ചും മ​റ്റും പ്രവർത്തകർ സന്തോഷം പങ്കുവെച്ചു.വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥിയെ യോഗവേദിയിലേക്ക് ആനയിച്ചത്. എല്ലാവരുടെയും സ്‌നേഹാദരം ഏ​റ്റുവാങ്ങിയ സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചാണ് മടങ്ങിയത്‌.