konni
കോന്നി​യി​ലെ എൽ.ഡി​.എഫ് സ്ഥാനാർത്ഥി​ കെ.യു.ജനീഷ് കുമാർ വോട്ട് തേടുന്നു

ജനം കാത്തുനിന്നു ജനീഷിനെ കാണാൻ

രുവാപ്പുലം പഞ്ചായത്തിൽ കൊക്കാത്തോട് മുണ്ടപ്ളാവിൽ നിന്ന് നീരാമക്കുളത്തേക്ക് മൂന്നര കിലോമീറ്റർ കുത്തുകയറ്റം. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ് കുമാറുമായി തുറന്ന വാഹനവും മുന്നിൽ രണ്ടു ജീപ്പുകളുമുണ്ട്. മുന്നിലെ പൈലറ്റു വാഹനമായ ജീപ്പ് ഇരപ്പിച്ച് കോൺക്രീറ്റ് റോഡിലെ കയറ്റം കയറി. അത് നൂറ്റമ്പത് മീറ്ററോളം മുകളിലെത്താൻ വേണ്ടി സ്ഥാനാർത്ഥിയുമായി തുറന്ന വാഹനം പിന്നിൽ സ്റ്റാർട്ട് ചെയ്ത് കാത്ത് കിടന്നു.

' ഇവിടെ ഇപ്പോഴാ ഇങ്ങനെയെങ്കിലും യാത്ര ചെയ്യാൻ പറ്റുന്നത്. നേരത്തെ മലയിലേക്ക് നടന്നു കയറണമായിരുന്നു...' മുണ്ടപ്ളാവ് ജംഗ്ഷനിൽ കച്ചവടം നടത്തുന്ന പൊന്നച്ചൻ പറഞ്ഞു. നീരാമക്കുളത്ത് മൂന്ന് ഭാഗങ്ങളിലായി മുപ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടെ ജനകീയനാണ് ജനീഷ് കുമാർ എം.എൽ.എ. റോഡ് നന്നാക്കി കൊടുത്തതു കൊണ്ടു മാത്രമല്ല. നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ഒരാവശ്യം നിറവേറ്റിയതിന് ജനീഷിനോട് അവർക്ക് നന്ദിയുണ്ട്. 18.5 ലക്ഷം രൂപ ചെലവാക്കി അക്കൂട്ടുമുഴി പാലം പണിതു. ഉടനെ നാട്ടുകാർക്ക് തുറന്നു കൊടുക്കും. ഇതിന് മുൻപ് ഒരു തടിപ്പാലമായിരുന്നു തോടിന് കുറുകെയുണ്ടായിരുന്നത്. തടിപ്പാലം ഇളകി നാട്ടുകാരായ നിരവധി പേരുടെ നടുവൊടിഞ്ഞിട്ടുണ്ട്. ഏറ്റവും അവസാനമായി പോസ്റ്റുമാനാണ് പാലത്തിൽ നിന്ന് വീണ് പരിക്കേറ്റത്. വാർഡ് അംഗം വി.കെ രഘുവിന്റെ മുൻകൈയെടുത്ത് എം.എൽ.എ ഫണ്ടിൽ നിന്ന് പണം ചെലവാക്കിയാണ് പാലം പണിതത്.

നീരാമക്കുളത്ത് 15ലക്ഷവും അപ്പൂപ്പൻ തോട്ടിൽ 20 ലക്ഷവും മുടക്കി റോഡ് പണിതത് ജനീഷ് കുമാറിന്റെ എം.എൽ.എ ഫണ്ടിൽ നിന്നാണ്. . അടുത്ത സ്വീകരണകേന്ദ്രമായ കോട്ടാംപാറ ജംഗ്ഷനിലും വലിയ ജനക്കൂട്ടം കാത്തുനിന്നു.

ഉപതിരഞ്ഞെടുപ്പിന് ശേഷം തനിക്ക് ലഭിച്ച 16 മാസത്തിനുള്ളിൽ മണ്ഡലത്തിൽ പൊതുവെയും കൊക്കാത്തോട്ടിലും നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജനീഷ് കുമാർ പ്രസംഗിച്ചത്. നീരാമക്കുളം റോഡ് നിർമിച്ചത്, കൊക്കാത്തോട് പി.എച്ച്. സി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്, കോലിഞ്ചി കൃഷി കാർഷിക വിളയായി അംഗീകരിച്ചത്, ഹെക്ടറിന് 21000രൂപ സബ്സിഡി ലഭ്യമാക്കിയത്, കല്ലേലി- കൊക്കാത്തോട് റോഡ് ടാർ ചെയ്തത്... തുടങ്ങിയവ എം.എൽ.എ ചൂണ്ടിക്കാട്ടി. അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം ഒാർമിപ്പിച്ച് വോട്ട് അഭ്യർത്ഥിച്ചു. രാത്രയിൽ അരുവാപ്പുലം ജംഗ്ഷനിലാണ് ജനീഷിന്റെ സ്വീകരണ പരിപാട‌ി അവസാനിച്ചത്.

ആൾക്കൂട്ടത്തിലേക്ക് ഇറങ്ങി റോബിൻ പീറ്റർ

പ്രമാടം സ്വദേശി സുജ മലയാലപ്പുഴ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് രാവിലെ 11മണിയോടെ ബസ് കയറാൻ മണ്ണാരക്കുളഞ്ഞി ചന്തയിൽ നിൽക്കുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്റർ മൈലപ്ര പഞ്ചായത്തിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പ്രസംഗിക്കുന്നതിനിടെയാണ് അങ്ങകലെ തന്റെ നാട്ടുകാരിയെ കണ്ടത്. പ്രസംഗ ശേഷം തുറന്ന വാഹനത്തിലേക്ക് കയറുന്നതിന് മുൻപ് സുജയുടെ അടുത്തെത്തി. ക്ഷേമ കാര്യങ്ങൾ അന്വേഷിച്ചു, വോട്ടഭ്യർത്ഥിച്ചു... സ്ഥാനർത്ഥി അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്.

' റോബിൻ സാർ ജയിക്കും. വാർഡ് മെമ്പറായും പഞ്ചായത്ത് പ്രസിഡന്റായുമൊക്കെ ഒരുപാട് കാര്യങ്ങൾ ചെയ്തു. എല്ലാവരെയും ഒരുപോലെ കാണുന്നയാളാണ്. ലാളിത്യമുള്ള സ്വഭാവമാണ്...' സുജ കേരളകൗമുദിയോടു പറഞ്ഞു.

പത്തരപ്പടിയിലേക്ക് റോബിൻ പീറ്റർ എത്തുന്നതിന് മുൻപായി മുരുപ്പേൽ മാത്യുവും കൂട്ടുകാരും കവലയിൽ തമാശ പറഞ്ഞു നിൽക്കുന്നു. 'റോബിൻ ജയിച്ചില്ലെങ്കിൽ ഞങ്ങൾ ഇനി മുതൽ കോൺഗ്രസുകാരല്ല. കൈ മറന്നൊരു ചിഹ്നം ഞങ്ങൾക്കില്ല....' റോബിൻ പീറ്റർ വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നാണ് മാത്യുവും നരേന്ദ്രനുമൊക്കെ പറയുന്നത്.

സ്ഥാനാർത്ഥിയെത്തുമ്പോൾ ത്രിവർണ നിറമുള്ള മാലയും പിടിച്ച് ഒരു 37കാരനും ഉമ്മയും ആൾക്കൂട്ടത്തിൽ നിന്ന് മാറി നിൽക്കുന്നുണ്ടായിരുന്നു. ലക്ഷംവീട്ടിൽ ഹാജിറ ബീവിയും മകൻ മുഹമ്മദ് നിസാറും. നിസാർ ഭിന്നശേഷിക്കാരനാണ്. റോബിൻ പീറ്റർ നടത്തിക്കൊണ്ടിരുന്ന പീസ് വാലി സ്കൂളിലാണ് പഠിച്ചത്. നിസാറിന്റെ ചികിത്സയ്ക്ക് എല്ലാ സഹായവും നൽകിയത് റോബിനാണ്. നന്ദി പറയാനും സ്വീകരണം നൽകാനുമാണ് നിസാറിനെയും കൊണ്ട് ഉമ്മയെത്തിയത്. തുറന്ന വാഹനത്തിൽ നിന്നിറങ്ങി സ്വീകരണം ഏറ്റുവാങ്ങുന്നതിന് മുൻപായി റോബിൻ ഉമ്മയുടെയും മകന്റെയും അടുത്തേക്കെത്തി. ഉമ്മയുടെ അനുഗ്രഹം തേടി. മകനെ കവിളിൽ തട്ടി സ്നേഹം പങ്കുവച്ചു.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് 25 വർഷമായി തന്നെ ജയിപ്പിച്ചു വിടുന്ന നാട്ടുകാർക്ക് നന്ദി അറിയിച്ചും മണ്ഡലത്തിന്റെ പഴയ പ്രതാപം തിരിച്ചു പിടിക്കണമെന്ന് അഭ്യർത്ഥിച്ചുമാണ് റോബിന്റെ ഹ്രസ്വമായ പ്രസംഗം.

ഇന്നലെ രാവിലെ കുമ്പഴ വടക്ക് ജംഗ്ഷനിൽ നിന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടി ആരംഭിച്ചത്. നാസിക് ഡോളിന്റെ മുഴക്കവും ബൈക്ക് റാലിയുമൊക്കെയായി ആഘോഷത്തോടെയായിരുന്നു സ്വീകരണങ്ങൾ. ശാന്തിനഗറിലും കോട്ടപ്പാറയിലും കണ്ണംതോണ്ടിപ്പടിയിലുമൊക്കെ സ്വീകരിക്കാൻ സ്ത്രീകളടക്കമുള്ള പ്രവർത്തകരുടെ തിരക്ക്. 29 കേന്ദ്രങ്ങളിലെ സ്വീകരണം രാത്രിയിൽ മൈലപ്രയിലാണ് സമാപിച്ചത്.

മനസുകളിൽ ഇടംതേടി കെ.സുരേന്ദ്രൻ

എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് പര്യടനത്തിലാണ്. രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം കോന്നിയിലെത്തും. സ്ഥാനാർത്ഥി സ്ഥലത്തില്ലാത്തതിന്റെ കുറവൊന്നും മണ്ഡലത്തിൽ ഇല്ല. ത്രികോണ മത്സരത്തിന്റെ ചൂടുംവാശിയും നിറച്ചാണ് എൻ.ഡി.എയുടെ പ്രചരണം. കൺവെൻഷനുകളും ബൂത്ത് സ്ക്വാഡ് വർക്കുകളുമായി സജീവമാണ് എൻ.ഡി.എ പ്രവർത്തകർ.

കൂടലിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. ജയസൂര്യൻ പാല ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ ഭാരതത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ എണ്ണമറ്റ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. കേരളത്തിലും ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ ഈ പദ്ധതികളെല്ലാം കേരള സർക്കാർ നടപ്പിലാക്കുന്നതെന്നാണ് പ്രചാരണം. കർഷകർക്ക് ധന സഹായം, വളം സബ്‌സിഡി എന്നിവയെല്ലാം കേന്ദ്ര പദ്ധതികളാണ്. ഇതെല്ലാം തങ്ങളാണ് കൊടുക്കുന്നതെന്ന പച്ചക്കള്ളമാണ് ചിലർ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി കോന്നി നിയോജക മണ്ഡലം സെക്രട്ടറി ജി.മനോജ്, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കൂടൽ ജയപ്രകാശ്, ബി.ജെ.പി മണ്ഡലം കമ്മിറ്റി സെക്രട്ടറി ശാലിനി യശോധരൻ, പഞ്ചായത്തു പ്രസിഡന്റ് അനീഷ്.വി, സതീഷ് ചന്ദ്രൻ, മനു.എം, വട്ടമല ശശി, ജോൺ സി.ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.