തിരുവല്ല: ഭരണ ഘടനയിൽ എഴുതിയത് നടപ്പിലാക്കാൻ കഴിവില്ലാത്തവർ ഭരിക്കുന്നതാണ് കാലഘട്ടത്തിന്റെ പ്രശ്നമെന്നും ന്യായമായ ആവശ്യങ്ങൾ പോലും പരിഗണിക്കുന്നതിൽ മുന്നണികൾ പരാജയപ്പെടുന്നതായും മതേതരത്വവും മതനിരപേക്ഷതയും ചോദ്യം ചെയ്യപ്പെടുന്നതായും ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. കേരളാ കൗൺസിൽ ഒഫ് ചർച്ചസ് ക്ലർജി കമ്മീഷന്റെ നേതൃത്വത്തിൽ മുന്നണികളുടെ പ്രകടന പത്രികകൾ അവലോകനം ചെയ്യുന്നതിനും പ്രതികരണം അറിയിക്കുന്നതിനുമായി തിരുവല്ലയിൽ നടന്ന നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി.സി.പ്രസിഡന്റ് അഡ്വ. പ്രകാശ് പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ സിൽവനിയോസ് എപ്പിസ്‌കോപ്പ, മേജർ ഒ.പി.ജോൺ,ഫാ.ജോസ് കരിക്കം, ഫാ.ചെറിയാൻ ജേക്കബ്, റവ.കെ.ഈ.ഗീവർഗീസ്, റവ. ബെനോജി കെ. മാത്യു എന്നിവർ പ്രസംഗിച്ചു.വിവിധ രാഷ്ട്രീയ മുന്നണികളെ പ്രതിനിധീകരിച്ച് മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ, രാജു ഏബ്രഹാം എം.എൽ.എ., നിരണം രാജൻ എന്നിവർ വിഷയാവതരണം നടത്തി.